വിജയ്‌യുടെ 'ലിയോ'; കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കാന്‍ ഗോകുലം ഗോപാലന്‍
Film News
വിജയ്‌യുടെ 'ലിയോ'; കേരളത്തില്‍ വിതരണാവകാശം സ്വന്തമാക്കാന്‍ ഗോകുലം ഗോപാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd June 2023, 5:02 pm

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള അന്യഭാഷാ നടനാണ് ദളപതി വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞ യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന ‘ലിയോ’ എന്ന ചിത്രത്തിന് വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബര്‍ 19ന് റിലീസിനെത്തും.

തുടക്കം മുതല്‍തന്നെ കേരളത്തിലെ വിതരണാവകാശത്തിന് വന്‍ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവരപ്രകാരം കൂടുതല്‍ തുകയുമായി മുന്നില്‍ നില്‍ക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ തന്നെയാവും കേരളത്തില്‍ ലിയോ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ‘ലിയോ’ ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമല്‍ ഹാസനെ നായകനാക്കി ‘വിക്രം’ എന്ന സിനിമയുടെ വമ്പന്‍ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

വിജയ്‌യുടെ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘ലിയോ’ ഒരുങ്ങുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള നടി നടന്മാര്‍ ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് മാത്യു, ബാബു ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുന്നുണ്ട്. ആക്ഷന്‍ കിങ് അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നു. തൃഷയാണ് നായികയായി എത്തുന്നത്.

പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ കേരളത്തിലെ വന്‍ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം ‘ലിയോ’ ആകാനുള്ള സാധ്യതകള്‍ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങള്‍ കേരളത്തില്‍ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. അന്യഭാഷയില്‍ നിര്‍മാതാക്കള്‍ക്ക് കേരളത്തിലെ വിതരണവകാശം ശ്രീ ഗോകുലം മൂവീസിന്റെ നല്‍കാന്‍ പ്രത്യേക താല്‍പര്യവുമുണ്ട്. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളാണുള്ളത്. കേരളത്തില്‍ വിതരണാവകാശം ഏറ്റെടുക്കുമ്പോള്‍ പോലും ചിത്രത്തിന് കേരളത്തില്‍ വമ്പന്‍ പ്രൊമോഷനാണ് നല്‍കുന്നത്. ഇത് താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സന്തോഷം നല്‍കുന്ന കാര്യം കൂടിയാണ്. പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ പ്രൊമോഷന്‍ പരിപാടികള്‍ ആദ്യം തുടങ്ങിയത് കേരളത്തില്‍ നിന്നായിരുന്നു. കേരളത്തില്‍ ശ്രീ ഗോകുലം മൂവീസ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകര്‍ക്കും നല്‍കിയ വരവേല്‍പ്പ് തമിഴ്‌നാട്ടില്‍ പോലും ചര്‍ച്ചയായിരുന്നു.

ലൈക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്. അതുകൊണ്ട് തന്നെ ലൈകയുടെ അണിയറയില്‍ ഒരുങ്ങുന്ന, ശങ്കര്‍- കമല്‍ ഹസന്‍ ചിത്രം ഇന്ത്യന്‍-2, രജനികാന്ത് ചിത്രം ലാല്‍ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തില്‍ എത്തിക്കാനാണ് സാധ്യത.

Content Highlight: Gokulam Gopalan to acquire distribution of leo movie rights in Kerala