Film News
ജോളിയായി തുടങ്ങി ഗിയര്‍ മാറ്റുന്ന ഒറ്റിലെ ബോംബെ- മംഗലാപുരം യാത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 09, 08:22 am
Friday, 9th September 2022, 1:52 pm

ടി.പി. ഫെല്ലിനിയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഒറ്റ് സെപ്റ്റംബര്‍ എട്ടിന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ത്രില്ലര്‍ മോഡില്‍ പോകുന്ന ഒറ്റ് ഒരു റോഡ് മൂവി കൂടിയാണ്.

കിച്ചു, ഡേവിഡ് എന്നീ കഥാപാത്രങ്ങളെയാണ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും അവതരിപ്പിക്കുന്നത്. ഒരു ഘട്ടമെത്തുമ്പോള്‍ ഇവര്‍ രണ്ട് പേരും നടത്തുന്ന യാത്രയിലൂടെയാണ് പിന്നെ ചിത്രം മുമ്പോട്ട് പോകുന്നത്. ഈ യാത്രയിലുണ്ടാവുന്ന സംഭവങ്ങളാണ് കഥാഗതിയെ പിന്നെ തീരുമാനിക്കുന്നത്.

ബോംബെയിലെ ഒരു വലിയ ഗ്യാങ്‌സ്റ്ററിന്റെ വലംകയ്യായിരുന്ന ഡേവിഡിന്റെ നഷ്ടമായ ഓര്‍മ തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യവുമായാണ് കിച്ചു അയാളുടെ അടുത്തേക്ക് വരുന്നത്. അതിനായി നിരവധി പരിശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലേക്കെത്തുന്നില്ല. അതിനായി കിച്ചു നടത്തുന്ന അവസാന ശ്രമമാണ് ബോംബെയില്‍ നിന്നും മംഗലാപുരത്തേക്ക് നടത്തുന്ന യാത്ര.

മനോഹരമായ വിഷ്വലുകളാണ് ഈ യാത്രക്കിടയില്‍ കാണിക്കുന്നത്. ഈ രംഗങ്ങള്‍ ഒപ്പിയെടുക്കുവാന്‍ ഹെലി ക്യാം നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ആദ്യം ജോളിയായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗത്തിലേക്കും ഭയത്തിലേക്കുമൊക്കെ വഴിമാറുന്നുണ്ട്. എന്നാല്‍ ആ ഭയം പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ എന്നത് സംശയകരമാണ്.

യാത്രയുടെ മോഡ് മാറുമ്പോള്‍ വരുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോറുകള്‍ ഗംഭീരമായിരുന്നു. ട്വിസ്റ്റുകളും ക്ലൈമാക്‌സ് ഫൈറ്റിലും അരുള്‍ രാജിന്റെ മ്യൂസിക് മികച്ച് നിന്നു.

അധികം റോഡ് മൂവികള്‍ ഇറങ്ങിയിട്ടില്ലാത്ത മലയാളത്തില്‍ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി ഒക്കെയാണ് എടുത്ത് പറയാന്‍ സാധിക്കുന്നത്. ജിയോ ബേബിയുടെ കിലേമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സാണ് മറ്റൊന്ന്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ഫീലാണ് ഒറ്റിലെ റോഡ് യാത്രയില്‍ നിന്നും ലഭിക്കുന്നത്.

Content highlight: Going in thriller mode, Ott is also a road movie