ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഘടകമായിരുന്നു ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം. പോത്തിനു പിറകെ ക്യാമറയുമായി ഓടുന്ന ഗിരീഷിന്റെ വീഡിയോകളും നേരത്തേ പുറത്തിറങ്ങിയിരുന്നു.
വലിയ പ്രേക്ഷക പ്രശംസയാണ് ജെല്ലിക്കെട്ടിന് ക്യാമറ ചെയ്തതിലൂടെ ഗിരീഷ് സ്വന്തമാക്കിയത്.
ഇപ്പോഴിതാ ജെല്ലിക്കെട്ടിന് ക്യാമറ ചെയ്തതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് ഗംഗാധരന്‍. ആളുകള്‍ പന്തവും ടോര്‍ച്ചുമൊക്കെയായി പോത്തിന് പിറകെ ഓടുകയാണ്. അതിനാല്‍ കാണുന്ന പ്രേക്ഷകരിലേക്ക് ആ ഓട്ടത്തിന്റെയും ചുറ്റുപാടിന്റെയും വ്യാപ്തി കൈമാറണമെന്ന് കരുതിയിരുന്നെന്ന് ഗിരീഷ് പറയുന്നു.
‘ഷോട്ടുകള്‍ക്ക് അതിനുതകുന്ന മൂവ്‌മെന്റ് നല്‍കാന്‍ ചില പരീക്ഷണങ്ങള്‍ നടത്തി. പോത്തിനൊപ്പവും പിറകേയുമുള്ള ഒാട്ടവും കിണറ്റിലിറങ്ങി ഷൂട്ട് ചെയ്തതുമെല്ലാം അത്തരം ശ്രമങ്ങളായിരുന്നു. ക്ലൈമാക്‌സ് രംഗങ്ങളില്‍ വലിയ ആള്‍ക്കൂട്ടം കടന്നു വരുന്നുണ്ട്. ഷൂട്ടിങ്ങ് നടന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് അഭിനേതാക്കളായത്. പിടിവിട്ടുപോവുമോ എന്ന് എല്ലാവര്‍ക്കും ആശങ്ക ഉണ്ടായിരുന്നെങ്കിലും നന്നായിത്തന്നെ രംഗങ്ങളെല്ലാം ചിത്രീകരിക്കാന്‍ പറ്റി,’ ഗിരീഷ് പറഞ്ഞു.
സിനിമയ്ക്ക് വേണ്ടി ചെയ്ത ചില പരീക്ഷണങ്ങള്‍ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്‌തെന്നും അതില്‍ വിജയിച്ചവയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയതെന്നും ഗിരീഷ് ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക