വരാനിരിക്കുന്ന യൂറോകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ജര്‍മനിക്ക് തകര്‍പ്പന്‍ വിജയം. നിലവിലെ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മന്‍ പട തകര്‍ത്തു വിട്ടത്.
ഫ്രഞ്ച് പടയുടെ തട്ടകമായ ഗ്രൗപ്പ്മാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയുമായിരുന്നു ജര്‍മനി പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി ഒന്നാം മിനിട്ടില്‍ തന്നെ ഫ്‌ലോറിന്‍ വിറ്റ്‌സിലൂടെ ജര്‍മനി ലീഡ് നേടി. മൂന്നുവര്‍ഷത്തിനുശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പര്‍താരം ടോണി ക്രൂസിന്റെ അസിസ്റ്റല്‍ നിന്നും പെനാല്‍ട്ടി ബോക്‌സിന്റെ പുറത്തുനിന്നും ഒരു തകര്‍പ്പന്‍ ഷോട്ടിലൂടെ താരം ഗോളി നേടുകയായിരുന്നു. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ സന്ദര്‍ശകര്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതി തുടങ്ങി 49ാം മിനിട്ടില്‍ കൈ ഹാവേര്‍ട്‌സിലൂടെ ജര്‍മനി രണ്ടാം ഗോള്‍ നേടി. ഫ്രാന്‍സിന്റെ പ്രതിരോധനിരക്ക് വിള്ളല്‍ ഏല്‍പ്പിച്ചുകൊണ്ട് താരം ഗോള്‍ നേടുകയായിരുന്നു.
മറുപടി ഗോള്‍ നേടാന്‍ ഫ്രാന്‍സ് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പുറത്തു പോവുകയായിരുന്നു. 16 ഷോട്ടുകള്‍ എതിരാളികളുടെ പോസ്റ്റിലേക്ക് ജര്‍മനി ഉതിര്‍ത്തപ്പോള്‍ 11 ഷോട്ടുകളാണ് ഫ്രാന്‍സ് നേടിയത്.
ജയത്തോടെ ജൂണില്‍ സ്വന്തം തട്ടകത്തില്‍ നടക്കുന്ന യൂറോ കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താനുള്ള ആത്മവിശ്വാസമാണ് ജര്‍മനിക്ക് ലഭിക്കുന്നത്.
മാര്‍ച്ച് 27ന് നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് ജര്‍മ്മനിയുടെ അടുത്ത മത്സരം. ഡച്ച് ബാങ്ക് പാര്‍ക്കിലാണ് മത്സരം നടക്കുക. അന്നേ ദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ചിലിയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സ്റ്റേഡ് വെലോഡ്‌റോം ആണ് വേദി.
Content Highlight: Germany beat France in Friendly Match