തിരുവല്ല: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് വിദഗ്ധ സമിതി അംഗങ്ങളെ പരിഹസിച്ച് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത. കൊവിഡ് വിദഗ്ധ സമിതി അംഗങ്ങള്‍ ആരും കോമണ്‍ സെന്‍സ് വാക്സിന്‍ എടുത്തവരല്ലേ എന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘ഈ കൊവിഡ് വിദഗ്ധ സമിതി അംഗങ്ങള്‍ ആരും കോമണ്‍ സെന്‍സ് വാക്സിന്‍ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകള്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നവര്‍ക്ക് ഇല്ലാത്ത നിബന്ധനകള്‍ അരി മേടിക്കാന്‍ പോകുന്നവര്‍ പാലിക്കണം പോലും! വിദഗ്ധ സമിതിയുടെ വൈദഗ്ധ്യം സമ്മതിച്ചേ പറ്റു,’ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
മന്ത്രി സഭയില്‍ പറഞ്ഞ കാര്യങ്ങളല്ല ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചെങ്കിലും കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്നാണ് വീണ ജോര്‍ജ് അറിയിച്ചത്. പ്രായോഗികമായ നിര്‍ദേശങ്ങള്‍ മാത്രമാണ് ഉത്തരവിലുള്ളതെന്നാണ് വീണ ജോര്‍ജ് പറഞ്ഞിരിക്കുന്നത്.