Kerala
എന്നെ തിരുമേനീ എന്ന് വിളിക്കരുത്; തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന സവര്‍ണജാതിബദ്ധ അബദ്ധധാരണ തകര്‍ക്കപ്പെടണമെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 09, 11:54 am
Monday, 9th April 2018, 5:24 pm

കോഴിക്കോട്: മേല്‍ജാതി ബോധം ഊട്ടിയുറപ്പിക്കാന്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനാണ് ഇത്തരം പരിപാടികളെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

പകലോമറ്റത്തെയും കള്ളിയാങ്കലിലെയുമൊക്കെ ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയെന്നത് അബദ്ധധാരണയാണെന്നും സവര്‍ണ ജാതിബദ്ധവും അടിസ്ഥാനരഹിതവുമായ ഇത്തരം മിത്തുകള്‍ തകര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.


Read Also: ‘രാവിലെ ഹോട്ടലില്‍കയറി വയറുനിറയ്ക്കും; എന്നിട്ട് നിരാഹാരസമരം നടത്തും’: കോണ്‍ഗ്രസ്സിന്റെ നിരാഹാരസമരത്തിനെതിരെ ബി.ജെ.പി നേതാവ്


വ്യക്തിപരമായ അടുപ്പം കൊണ്ടാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ടി വന്നത്. ഇനി പങ്കെടുക്കാനാവില്ല. എന്നെ തിരുമേനി എന്ന് വിളിക്കുന്നതും സവര്‍ണ നിര്‍മിതിയാണ്. എന്നെ പിതാവേ എന്നോ ഔപചാരികമായി ബിഷപ്പേ എന്നോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതൽ “കുടുംബയോഗ വാർഷികം ” എന്ന പേരിൽ കേരളത്തിൽ മെയ്, ഡിസംബർ മാസങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത “മേൽജാതി ” സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയിൽ ഒട്ടേറെയും. ഒന്നുകിൽ പകലോമറ്റം, അല്ലെങ്കിൽ കള്ളിയാങ്കൽ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകൾ! അവിടെയെല്ലാം ഉണ്ടായിരുന്ന “ഇല്ലങ്ങളി”ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂർവ്വികർ പോലും! ഇത്തരം അബദ്ധങ്ങൾ എല്ലാം ചേർത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവർണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകൾ തകർക്കപ്പെടണം – വ്യക്തിപരമായ അടുപ്പങ്ങൾ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല.

വാൽക്കഷണം:

താഴെ കണ്ട കുറെ അഭിപ്രായങ്ങൾ വായിച്ചപ്പോൾ കുറിക്കുന്നതാണ്. പലരും എന്നെ ” തിരുമേനി ” എന്ന് വിളിക്കുന്നതും ഒരു സവർണ്ണ നിർമ്മിത മിത്താണ്. സുഹൃത്തേ എന്നോ, പിതാവേ എന്നോ ഇനി ഔപചാരിമാകണമെങ്കിൽ “ബിഷപ്പ് ” എന്നോ ഒക്കെ വിളിക്കാമല്ലോ (ജാതിയെ ചെറുക്കാൻ ഏറ്റവും നല്ല ആയുധം ഇംഗ്ലീഷ് ഭാഷയെന്ന് ഒ.വി. വിജയൻ). നന്മൾ മാറണം – മാറ്റണം പലതും