വാഹനങ്ങള്‍ തടഞ്ഞിട്ടില്ല; കസ്റ്റഡിയിലെടുത്തത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് ഗീതാനന്ദന്‍; സംസ്ഥാനത്ത് ഹര്‍ത്താല്‍ ശക്തമാകുന്നു
Dalit Hartal
വാഹനങ്ങള്‍ തടഞ്ഞിട്ടില്ല; കസ്റ്റഡിയിലെടുത്തത് യാതൊരു പ്രകോപനവുമില്ലാതെയെന്ന് ഗീതാനന്ദന്‍; സംസ്ഥാനത്ത് ഹര്‍ത്താല്‍ ശക്തമാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th April 2018, 8:42 am

കൊച്ചി: വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് തങ്ങളെ കസ്റ്റ്ഡിയിലെടുത്തതെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍. വെറുതെ നിന്ന തങ്ങളെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നെന്നും അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. കൊച്ചിയില്‍ ഗീതാനന്ദന്‍ ഉള്‍പ്പെടെ ഏഴുപേരെയും ആലപ്പുഴയില്‍ പതിനൊന്ന് പേരെയും വടകരയില്‍ മൂന്നു പേരെയുമാണ് അറസ്റ്റ് ചെയ്തത്.

വെറുതേ നിന്ന ഞങ്ങളെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്നുമാണ് ഗീതാനന്ദന്‍ പറയുന്നത്. വാഹനങ്ങള്‍ തടയുകയോ പ്രകോപനപരമായോ യാത്രികര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലോ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഗീതാനന്ദന്‍ പറഞ്ഞു.

കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍വെച്ചാണ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം തൃശ്ശൂരില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് വടകരയിലും ഉള്ള്യേരിയിലും വാഹനങ്ങള്‍ തടയുന്നുണ്ട്. കണ്ണൂര്‍ പുതിയതെരുവിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. കൊല്ലത്തും തിരുവനന്തപുരത്തും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

ഗീതാനന്ദനു പുറമേ സി.എസ് മുരളി ശങ്കര്‍, അഡ്വ. പി ജെ മാനുല്‍, വി.സി ജെന്നി, അഭിലാഷ് പടച്ചേരി, ജോയ് പാവേല്‍, പ്രശാന്ത്, ഷിജി കണ്ണന്‍ തുടങ്ങി ദളിത് , മനുഷ്യാവകാശ പ്രവര്‍ത്തകരാണ് എറണാകുളത്ത് അറസ്റ്റിലായത്. വടകരയില്‍ ശ്രേയസ് കണാരന്‍, സ്റ്റാലില്‍ വടകര, ആര്‍.കെ ബാബു എന്നിവരയൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേരള യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ ഇന്നു തന്നെ പരീക്ഷ നടത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.