റിയാദ്: വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) കളങ്കിത പശ്ചാത്തലമുള്ള തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കുന്ന ഒരു പദ്ധതി തയ്യാറാക്കുന്നു. ഈ പദ്ധതിയിലൂടെ ഏതെങ്കിലും ഒരു ഗള്‍ഫ് രാജ്യത്ത് കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട തൊഴിലാളികള്‍ മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ജി.സി.സി. ലക്ഷ്യമിടുന്നത്.
ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങളുടെ തീരുമാനം ഇതിന് ആവശ്യമാണ്. പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്നതിനെകുറിച്ചുള്ള വിശദമായ ചര്‍ച്ച ഒക്ടോബറില്‍ നടന്നിരുന്നു.
നിരവധി പ്രവാസികള്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് നാടുകടത്തപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇവരില്‍ പലരും വ്യാജ പേരിലും രേഖകളിലുടെയും അതേരാജ്യത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തോ പ്രവേശിക്കുന്നു. ഈ സാഹചര്യം ഇല്ലാതാക്കാനാണ് ഈ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
ജി.സി.സി രാജ്യങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 70 ശതമാനവും പ്രവാസികളാണ്. 31 മില്ല്യണ്‍ ആകെ ജനസംഖ്യയുള്ള സൗദിയില്‍ മാത്രം പ്രവാസി ജനസംഖ്യ 10 മില്ല്യണ്‍ ആണ്. 20 മില്ല്യണോളം വരുന്ന ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ വര്‍ഷത്തില്‍ ഏകദേശം 85 ബില്ല്യണ്‍ ഡോളര്‍ ആണ് അവരുടെ സ്വന്തം നാടുകളിലേക്ക് അയക്കുന്നത്.