ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ വിജയമാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ഇതോടെ ഒരു മത്സരം ശേഷിക്കുന്ന പരമ്പരയിൽ കിരീടം കൈവിട്ട് പോകാതിരിക്കാൻ ഓസീസ് ടീമിന് അവസരമൊരുങ്ങി.
മൂന്നാം ടെസ്റ്റിൽ ടോസ് ലഭിച്ച ഇന്ത്യൻ ടീമിനെ ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്താക്കാൻ ഓസീസിന് സാധിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കും 197 എന്ന ചെറിയ സ്കോറിൽ ആദ്യ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു.
തുടർന്ന് മത്സരം സമനിലയിലേക്കെങ്കിലുമെത്തിക്കാൻ രണ്ടാം ഇന്നിങ്സിൽ കൂറ്റൻ സ്കോർ വേണ്ടിയിരുന്ന ഇന്ത്യൻ ടീം വെറും 163 റൺസിന് പുറത്തായതോടെയാണ് ഓസീസ് വിജയം അനായാസമായത്. 76 റൺസ് എന്ന വിജയ ലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ വെറും ഒരു വിക്കറ്റിൽ ലക്ഷ്യം മറികടന്ന് പരമ്പരയിൽ നിർണായകമായ ജയം സ്വന്തമാക്കുകയായിരുന്നു.
49 റൺസെടുത്ത് പുറത്താകാതെ നിന്ന ട്രാവിസ് ഹെഡ്, 28 റൺസെടുത്ത് പുറത്താകാതെ നിന്ന മാർനസ് ലബുഷേങ് എന്നിവരുടെ മികവിലാണ് മൂന്നാം ടെസ്റ്റ് ഓസീസ് വിജയിച്ചത്.
എന്നാൽ മത്സരത്തിൽ ഇന്ത്യൻ പിച്ചിന്റെ ഗുണനിലവാരം മോശമാണെന്ന് ഐ.സി.സി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ മൂന്നാം ടെസ്റ്റ് നടന്ന ഇൻഡോറിലെ പിച്ചിന് ഐ.സി.സി ശിക്ഷയായി നൽകിയിരുന്നു.
എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ ഇന്ത്യൻ ഇതിഹാസ താരമായ സുനിൽ ഗവാസ്ക്കർ.
ഡിസംബറിൽ രണ്ട് ദിവസം കൊണ്ട് മത്സരം അവസാനിച്ച ഓസ്ട്രേലിയയിലെ ഗാബ പിച്ചും മോശം അവസ്ഥയിലായിരുന്നെന്നും എന്നാൽ അതിനെതിരെ ഐ.സി.സി മിണ്ടിയില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നുമായിരുന്നു ഗവാസ്‌കറിന്റെ വിമർശനം.
“ഗാബയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ രണ്ട് ദിവസം കൊണ്ട് കളിയവസാനിച്ചിരുന്നു. എന്നിട്ട് എത്ര ഡീമെരിറ്റ് പോയിന്റ് ആ പിച്ചിന് നൽകി? എവിടെയായിരുന്നു അവിടുത്തെ മാച്ച് റഫറി ഗവാസ്ക്കർ ചോദിച്ചു.
കൂടാതെ ഇൻഡോറിലെ പിച്ച് അപകടകരമായിരുന്നില്ലെന്നും ഗവാസ്ക്കർ കൂട്ടിച്ചേർത്തു.
“മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ അനാവശ്യമാണ്. അത് അപകടകരമായ പിച്ചല്ലായിരുന്നു,’ ഗവാസ്ക്കർ പറഞ്ഞു.
അതേസമയം പരമ്പര സ്വന്തമാക്കിയാൽ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇന്ത്യൻ ടീമിന് എന്തെങ്കിലും സാധ്യതയൊരുങ്ങൂ.