നോര്‍ത്ത് ഇന്ത്യന്‍ സിംഗിള്‍ സ്‌ക്രീനുകളില്‍ ഗദര്‍ വിളയാട്ടം: ഇതുവരെ നേടിയത്
Entertainment news
നോര്‍ത്ത് ഇന്ത്യന്‍ സിംഗിള്‍ സ്‌ക്രീനുകളില്‍ ഗദര്‍ വിളയാട്ടം: ഇതുവരെ നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th August 2023, 7:44 pm

സണ്ണി ഡിയോള്‍ നായകനായി എത്തിയ ഗദര്‍ 2 ബോളിവുഡിന്റെ പുത്തന്‍ പ്രതീക്ഷയായി മാറുകയാണ്.

ചിത്രം നോര്‍ത്ത് ഇന്ത്യയിലെ സിംഗിള്‍ സ്‌ക്രീനുകളില്‍ വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. വലിയ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഉത്തരേന്ത്യന്‍ സിംഗിള്‍ സ്‌ക്രീനുകളില്‍ ജനസാഗരമാണ് ചിത്രം തീര്‍ക്കുന്നത്.

ചിത്രത്തിന്റെ കളക്ഷനെ ഇത് വലിയ തോതില്‍ സ്വാധീനിക്കുന്നുണ്ട്. പത്താന് ശേഷം ബോളിവുഡില്‍ തിയേറ്ററുകളെ കാര്യമായി ചലിപ്പിച്ച ചിത്രം എന്ന വിലയിരുത്തലാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഗദര്‍ 2 ബുധനാഴ്ച മാത്രം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയെന്നാണ് സിനിമ ട്രാക്കര്‍ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയതിരുന്നു. ഇത് റെക്കോര്‍ഡാണെന്നും അദ്ദേഹം പറയുന്നുണ്ട്.

ചിത്രം ആറു ദിവസം കൊണ്ട് നേടിയ കളക്ഷന്‍ നിര്‍മാതാക്കള്‍ പുറത്ത് വിട്ടിട്ടുണ്ട്. 261.35 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഇതില്‍ സ്വാതന്ത്ര്യദിനത്തിലാണ് ഏറ്റവും കളക്ഷന്‍ എന്നതും ശ്രദ്ധേയമാണ്. റിലീസ് ദിനം 40.10 കോടി നേടിയ ചിത്രം അഞ്ചാം ദിനമായിരുന്ന ഓഗസ്റ്റ് 15 ന് നേടിയത് 55.40 കോടിയാണ്.

രണ്ടാം വാരത്തിലും ചിത്രം ഇപ്പോഴത്തെ പ്രകടനം തുടര്‍ന്നാല്‍ ഉത്തരേന്ത്യന്‍ തിയേറ്റര്‍ വ്യവസായത്തിന് അത് വലിയ ആശ്വാസവും ആത്മവിശ്വാസവും പകരും.

2001ല്‍ പുറത്തെത്തി വന്‍ വിജയമായ ചിത്രം ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. ഉത്കര്‍ഷ ശര്‍മ, മനിഷ വധ്‌വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്താഖ് ഖാന്‍, രാകേഷ് ഭേദി, അനാമിക സിങ്, ലുബ്‌ന തുടങ്ങി ഒട്ടേറെ താരങ്ങളും ഗദര്‍ 2വില്‍ വേഷമിടുന്നു. അനില്‍ ശര്‍മ തന്നെയാണ് നിര്‍മാവും. മിതൂന്‍ ആണ് സംഗീത സംവിധാനം.

Content Highlight: Gadar two blockbuster hit in north indian single screens