Film News
പ്രേമലു ശ്യാം മോഹന്‍ എന്ന വില്ലന്റെ ഒരൊന്നൊന്നര കാല്‍വെയ്പ്പ്: ജി. വേണുഗോപാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 21, 08:32 am
Wednesday, 21st February 2024, 2:02 pm

ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലെത്തിയ പ്രേമലുവിനെ അഭിനന്ദിച്ച് ഗായകന്‍ ജി. വേണുഗോപാല്‍. വേണുഗോപാലിന്റെ അടുത്തസുഹൃത്തുകൂടിയായ ശ്യാം മോഹനാണ് ചിത്രത്തില്‍ ആദിയെന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ശ്യാമിനുള്ളില്‍ നിരവധി കഥാപാത്രങ്ങള്‍ ഒളിഞ്ഞ് കിടപ്പുണ്ടെന്നും ‘പ്രേമലു’ ശ്യാം മോഹന്‍ എന്ന വില്ലന്റെ ഒരൊന്നൊന്നര കാല്‍വെയ്പ്പാണെന്നുമാണ് ജി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരിക്കലും ചേര്‍ക്കാന്‍ പറ്റാത്ത പാട്ടുകളെ ചേര്‍ത്തുപാടി മുഖത്ത് വരുത്തുന്ന നിഷ്‌കളങ്ക വിഡ്ഢി ഭാവമാണ് ശ്യാമിലേക്ക് തന്നെ എത്തിച്ചതെന്നും അങ്ങേയറ്റം ഭവ്യതയോടെ തന്റെയടുത്ത് നില്‍ക്കുമ്പോഴും ശ്യാമിന്റെ ഉള്ളിലെ അഭിനിവേശം താന്‍ തിരിച്ചറിയുന്നുണ്ടായിരുന്നെന്നും ജി. വേണുഗോപാല്‍ പറഞ്ഞു.

‘ഇന്നലെ പ്രേമലു കണ്ടു. മൊത്തം കനം കുറഞ്ഞ ഒരു പ്രതീതി. രണ്ട് ഹെവി വെയ്റ്റ് സിനിമകളായ, വാലിബനും, ഭ്രമയുഗത്തിനും ശേഷമാണ് പ്രേമലു സംഭവിക്കുന്നത്. മൊസാർട്ടിൻ്റെ 40th സിംഫണി ഇൻ ജി മൈനറിന് ശേഷം എൽവിസ് ദ പെൽ വിസിൻ്റെ ജയിൽഹൗസ് റോക്ക് പോലെ, ഹരിമുരളീരവം കഴിഞ്ഞ് അല്ലിയാമ്പൽ കടവിലിന്നരയ്ക്ക് വെള്ളത്തിൽ ഒഴുകും പോലെ, സിനിമയുടെ വിധി നിർണ്ണയമോ, ഗുണഗണങ്ങളോ, ട്രോളോ ഒന്നുമില്ല ഈ പോസ്റ്റിൽ.

മൂന്ന് പേരെക്കുറിച്ച് പറയാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. സമകാലീന നടിമാരിൽ എൻ്റെ ഫേവറിറ്റ് മമിത ബൈജു, നസ്‌ലെൻ, പിന്നെ എൻ്റെ കൂട്ടുകാരൻ പാട്ടുകാരനായ ശ്യാം മോഹൻ. മമിത ബബ്ലിയാണ്. അനായാസ അഭിനയത്തിൻ്റെ മറ്റൊരു മുഖം. കഥയറിയാതെ നമുക്ക് നസ്‌ലെന്റെ കൂടെ കരയാം, ചിരിക്കാം, ആടിപ്പാടാം.

കൊവിഡ് സമയത്താണ് ഞാൻ ശ്യാമിനെ പരിചയപ്പെടുന്നത്. ഒരിക്കലും ചേർക്കാൻ പറ്റാത്ത പാട്ടുകളെ ചേർത്ത്പാടി മുഖത്ത് വരുത്തുന്ന നിഷ്കളങ്ക വിഡ്ഢി ഭാവമാണ് ശ്യാമിലേക്കെന്നെ എത്തിക്കുന്നത്. എൻ്റെ മൂന്ന് പാട്ടുകളെടുത്ത് മറ്റ് മൂന്ന് പാട്ടുകളുടെ തൊഴുത്തിൽ ശ്യാം കൊണ്ട് കെട്ടുന്ന മൂന്ന് വീഡിയോസ് ഞങ്ങൾ ചെയ്ത് അർമാദിച്ചു.

അങ്ങേയറ്റം ഭവ്യതയോടെ എൻ്റെയടുത്ത് നിൽക്കുമ്പോഴും ശ്യാമിൻ്റെ ഉള്ളിലെ അഭിനിവേശം, ഉറങ്ങുന്ന ഒരു അഗ്നിപർവ്വതം പോലെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ശ്യാമിനുള്ളിൽ നിരവധി കഥാപാത്രങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ട്. കുതിക്കാനാണ് പുലി പതുങ്ങുന്നതെന്ന് ഞാൻ പ്രവചിച്ചു. ‘പ്രേമലു’ ഈ വില്ലൻ്റെ ഒരൊന്നൊന്നര കാൽവയ്പ്പാണ്. നമ്മൾ ഇനി ശ്യാം മോഹനെ മലയാള സിനിമയിൽ പല രീതിയിൽ, പല രൂപങ്ങളിൽ, പല ക്യാരക്ടേർസായി കാണും. കൺഗ്രാറ്റ്സ്, ബെസ്റ്റ് വിഷസ്, മമിത, നസ്‌ലെൻ, ശ്യാം,’ എന്നാണ് ജി. വേണുഗോപാൽ എഴുതിയത്.

Content Highlight: G.venugopal posted about shyam mohan’s performance in premalu