Kerala News
ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെ; പത്രങ്ങളിലൂടെയല്ലാതെ മറ്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജി. സുകുമാരന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 23, 06:34 pm
Wednesday, 24th April 2019, 12:04 am

ചങ്ങനാശ്ശേരി: തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പത്രങ്ങള്‍ മുഖേന നല്‍കുന്നതല്ലാതെ ഒരു നിര്‍ദേശവും എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

ഇന്ന് നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന് എന്‍.എസ്.എസ് മുന്‍തൂക്കം നല്‍കുമെന്നും സമദൂര നയമാണ് എന്‍.എസ്.എസിനുള്ളതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അതേസമയം വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വിജയം നേടുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ തനിക്കടുത്ത് നിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോടായി പറഞ്ഞത്.

ഏറെ അഭ്യൂഹങ്ങള്‍ക്ക് നടുവിലാണ് ബി.ഡി.ജെ.എസ്. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വയനാട്ടിലെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. പ്രഖ്യാപിക്കുന്നത്. ഇടതുപക്ഷം നേരത്തെ തന്നെ സി.പി.ഐ. സ്ഥാനാര്‍ഥിയായി പി.പി. സുനീറിനെ പ്രഖ്യാപിച്ചിരുന്നു. ഇരു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു ശേഷമാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേത്തിയ്ക്ക് പുറമെ വയനാട്ടിലും സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്.
DoolNews Video