ഓസീസിനെ തകര്‍ത്ത് സ്വന്തം നാട്ടില്‍ പരമ്പര ജയിച്ചതിന്റെ ആവേശത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും. 20 വര്‍ഷത്തിന് ശേഷമാണ് പാക് മണ്ണില്‍ ഒരു ടീം പര്യടനത്തിനെത്തുന്നത്. ഇതുതന്നെയാണ് പാകിസ്ഥാന്റെ വിജയത്തിന് മധുരമേറുന്നതും.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ആദ്യ കളി തോറ്റതിന് ശേഷമായിരുന്നു പാകിസ്ഥാന്‍ വിജയവഴിയിലേക്കെത്തിയത്. രണ്ടാം മത്സരത്തില്‍ ചരിത്രത്തിലെ തന്നെ മികച്ച റണ്‍ ചെയ്‌സിനൊടുവിലാണ് പാകിസ്ഥാന്‍ കങ്കാരുക്കളെ അട്ടിമറിച്ചത്.
ഓസീസിന്റെ 348 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ബാബറിന്റെയും ഇമാം ഉള്‍ ഹഖിന്റെയും സെഞ്ച്വറി മികവിലാണ് പാകിസ്ഥാന്‍ മറികടന്നത്.
മൂന്നാം മത്സരത്തില്‍ പാക് പടയുടെ വിജയം ആധികാരികമായിരുന്നു. ബാബര്‍ വീണ്ടും സെഞ്ച്വറി നേടിയപ്പോള്‍ ഓസീസ് ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം പാകിസ്ഥാന്‍ ഒറ്റവിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
പരമ്പര നേടിയ ശേഷം പാകിസ്ഥാന്റെ വിജയാഘോഷത്തിനിടെ സംഭവിച്ച രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്.
മത്സരശേഷം ട്രോഫിയും വാങ്ങി ഫോട്ടോഷൂട്ടിന് അണിനിരക്കവെ പിന്നിലുള്ള താരങ്ങള്‍ തിക്കി തിരക്കിയതോടെ മുന്നില്‍ ഇരിക്കുകയായിരുന്ന പാക് താരങ്ങള്‍ മറിഞ്ഞു വീഴുകയായിരുന്നു. വിന്നേഴ്‌സ് ബോര്‍ഡും തള്ളിമറിച്ചിട്ട് ട്രോഫിക്ക് മുകളിലേക്കായിരുന്നു പാക് പട മറിഞ്ഞുവീണത്.