കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധന വില വര്‍ധനവിനെ എങ്ങനെയൊക്കെ ന്യായീകരിച്ചാലും അത് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പി.പി. മുകുന്ദന്‍ തുറന്നടിച്ചു.
കേരളത്തില്‍ മാത്രമല്ല പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സംസ്ഥാനങ്ങളില്‍ പോലും ഇതാണ് അവസ്ഥയെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
‘ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവരുടെ ജീവിത ചെലവിനെ കുത്തനെ ഉയര്‍ത്തുന്ന തീരുമാനമാണ് ഇന്ധന വില ദിവസവും കൂട്ടുന്നത്. ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുന്നുവെന്ന് മനസ്സിലാക്കാന്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ മതി,’ മുകുന്ദന്‍ പറഞ്ഞു.
അതേസമയം പെട്രോള്‍-ഡീസല്‍- പാചക വാതക വില വര്‍ധനവ് പ്രവര്‍ത്തകരേയും നേതാക്കളേയും പ്രതിസന്ധിയിലാക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തില്‍ അംഗങ്ങള്‍ പരാതി ഉയര്‍ത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഏതെങ്കിലും തരത്തില്‍ പൊതുപരിപാടികളോ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കോ ഇറങ്ങുമ്പോള്‍ പ്രവര്‍ത്തരെ പ്രതിരോധത്തിലാക്കി ബി.ജെ.പി അനുഭാവികളും ജനങ്ങളും ഒരു പോലെ ഇന്ധന വില വര്‍ധനവ് ഉയര്‍ത്തുന്നുവെന്നാണ് പരാതി.