സാമ്പത്തിക പ്രതിസന്ധിയില്‍ ഉലഞ്ഞ് എയര്‍ ഇന്ത്യ; ഇന്ധനം വാങ്ങാന്‍ പണമില്ല; വിമാന സര്‍വീസുകള്‍ മുടങ്ങിയേക്കും; പ്രതിസന്ധി വഴിവെക്കുക സ്വകാര്യവല്‍ക്കണത്തിന്?
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ എയര്‍ ഇന്ത്യയില്‍ ഇന്ധന ക്ഷാമവും കനക്കുന്നെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് വൈകുകയാണെന്ന് ഛത്തീസ്ഗഢ് വിമാനത്താവളത്തിലെ പി.ആര്‍.ഒയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ധനക്ഷാമത്തെത്തുടര്‍ന്നാണ് എയര്‍ഇന്ത്യയുടെ മിക്ക വിമാനങ്ങളും വൈകുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല’, പി.ആര്‍.ഒ വ്യക്തമാക്കുന്നു. യാത്രക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നെന്നും വിമാനത്താവള അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യ വിമാനങ്ങള്‍ നിരന്തരമായി വൈകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
അതേസമയം, പ്രശ്‌നം ഗുരുതരമാവുകയാണ് എന്ന സൂചനകളാണ് ഇന്ധനവിതരണ കമ്പനികളുടെ നിലപാടില്‍നിന്നും വ്യക്തമാവുന്നത്. പണം നല്‍കാത്തതിനാല്‍ ഇന്ധന വിതരണം രണ്ട് വിമാനത്താവളങ്ങളില്‍ കൂടി നിര്‍ത്തുമെന്ന് കമ്പനികള്‍ എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. കമ്പനികള്‍ തീരുമാനത്തില്‍ അയവ് വരുത്തിയില്ലെങ്കില്‍ ഈ സ്ഥലങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തേണ്ടി വരുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നത്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യക്ക് പല വിമാനത്താവളങ്ങളില്‍ നിന്നും ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൊച്ചി, റാഞ്ചി , മൊഹാലി, പട്‌ന തുടങ്ങിയ ആറ് വിമാനത്താവളങ്ങളില്‍നിന്ന് പണം നല്‍കാത്തതിനാല്‍ എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നില്ല. രണ്ട് വിമാനത്താവളങ്ങില്‍ കൂടി ഇന്ധന വിതരണം നിര്‍ത്തുമെന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഇന്ധനം ലഭിക്കാത്ത വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുമ്പോള്‍ അധിക ഇന്ധനം കരുതിയാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് വിമാനത്താവളങ്ങളില്‍ക്കൂടി ഈ പ്രതിസന്ധി നേരിടേണ്ടി വന്നാല്‍ സര്‍വീസ് റദ്ദാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ജൂലൈ 31 വരെ 4300 കോടി രൂപയുടെ കടമാണ് ഇന്ധന ഇനത്തില്‍ എയര്‍ ഇന്ത്യ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. നിലവില്‍ ഇന്ധനത്തിന്റെ പണം ദിവസേന നല്‍കേണ്ട സാഹചര്യമാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സ്വകാര്യവത്കരണത്തിനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തെന്നും നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും വ്യോമയാന മന്ത്രി പറഞ്ഞിരുന്നു.
മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷവും സ്വകാര്യവല്‍ക്കണ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ ഒരു കമ്പനിയും തയ്യാറാകാത്തതിനെത്തുര്‍ന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.