പൂനെ: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍പെഴ്‌സണായി ഗജേന്ദ്ര ചൗഹാന് പകരം അനുപംഖേറിനെ നിയമിച്ചത് പുതിയ തമാശയാണെന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍.
സ്വന്തം നിലയ്ക്ക് ആക്ടിങ് സ്‌കൂള്‍ നടത്തുന്ന അനുപം ഖേറിനെ എങ്ങനെയാണ് ചെയര്‍പെഴ്‌സണായി നിയമിക്കുകയെന്ന് വിദ്യാര്‍ത്ഥി നേതാക്കളിലൊരാളായ ഹരിശങ്കര്‍ നാച്ചിമുത്തു ചോദിച്ചു. പ്രധാനമന്ത്രി മോദിയുടെ പ്രചാരകനായ അനുപം ഖേറും ഗജേന്ദ്ര ചൗഹാനും തമ്മില്‍ വലിയ വ്യത്യാസമൊന്നും വിദ്യാര്‍ത്ഥികള്‍ കാണുന്നില്ലെന്നും നാച്ചിമുത്തു പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് ഇത് തന്നെയാണ് പ്രതീക്ഷിച്ചതെന്നും നാച്ചിമുത്തു പറഞ്ഞു.
ഗജേന്ദ്ര ചൗഹാനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ത്ഥികള്‍ 139 ദിവസത്തോളം സമരം നടത്തിയിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രശസ്തനായ ചൗഹാനെ ബി.ജെ.പി അനുകൂലി ആയതിന്റെ പേരില്‍ മാത്രമാണ് നിയമിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
മോദി അനുകൂലിയായ അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുപം ഖേറിന്റെ ഭാര്യയും നടിയുമായ കിരണ്‍ ഖേര്‍ ബി.ജെ.പിയുടെ എം.പിയാണ്.