ചെന്നൈ: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കും എന്ന് ബി.ജെ.പി പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച്
തമിഴ്‌നാടും. വാക്‌സിന്‍ എത്തിയാല്‍ സംസ്ഥാനത്ത് സൗജന്യമായി ലഭ്യമാക്കും എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് പളനിസ്വാമിയുടെ പ്രഖ്യാപനം.
മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എ.ഐ.എ..ഡി.എം.കെയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ജയലളിതയുടെ മരണശേഷം അധികാരമേറിയ പളനിസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണിത്.
കൊവിഡ് വാക്‌സിന്‍ മുന്‍നിര്‍ത്തി തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നാണ് സൂചന.
അടുത്തവര്‍ഷം അധികാരത്തിലേറിയാല്‍ കൊവിഡ് വാക്‌സിന്‍ ഉടന്‍ തമിഴ്‌നാട്ടിലെത്തിക്കും എന്നാണ് ഡി.എം.കെ പ്രതിനിധി എ. ശരവണന്‍ അറിയിച്ചത്.
സമാനമായി തന്നെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും വാഗ്ദാനം. ‘കൊറോണ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വേഗത്തില്‍ നടന്നു കൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ തയ്യാറാവുമ്പോള്‍ ഉടന്‍ തന്നെ മധ്യപ്രദേശിലെ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കും,’ ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് വാക്സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തെരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപിയെന്നാണ് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ വിമര്‍ശിച്ചത്.