national news
അധികാരത്തിലെത്തിയാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര; വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 17, 09:51 am
Friday, 17th January 2025, 3:21 pm

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഉറപ്പുവരുത്തുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാഗ്ദാനങ്ങളുടെ പരമ്പരയില്‍ ഒന്ന് മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സൗജന്യയാത്ര.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ലഭ്യമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബസ് യാത്ര മാതൃക നടപ്പിലാക്കാന്‍ തങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.

ദല്‍ഹി നഗരത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന നിലവിലുള്ള പദ്ധതി വിപുലീകരിക്കുമെന്നും പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

മെട്രോ യാത്രനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും ദല്‍ഹിയില്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ മെട്രോ സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. മെട്രോ ചെലവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും ടിക്കറ്റില്‍ കുറവ് നല്‍കണമെന്ന് കേന്ദ്രത്തിനോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് 50-50 അനുപാതത്തിലാണ് മെട്രോ നടത്തിപ്പെന്നും അതിനാല്‍ മെട്രോയില്‍ ഇളവ് നല്‍കുന്നതിന് കേന്ദ്രത്തിന്റെ സഹായം കൂടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയം പൊതുതാത്പര്യത്തിന്റെ പ്രശ്‌നമാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും പ്രധാനമന്ത്രി തങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി അഞ്ചിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിനും നടക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. 70 നിയോജകമണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.

70 സീറ്റുകളിലേക്കും എ.എ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി 59 സീറ്റുകളിലേക്ക് മാത്രമേ ഇതിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ. ജനുവരി 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

Content Highlight: Free travel for school students if they come to power; Aam Aadmi Party with promise