'യേ കാം ചൊടുവോ ബായ്' തട്ടിപ്പുകാരൻ വിളിച്ചത് തൃശൂർ സൈബർ സെല്ലിലേക്ക്; പണി പാളി, വൈറലായി
national news
'യേ കാം ചൊടുവോ ബായ്' തട്ടിപ്പുകാരൻ വിളിച്ചത് തൃശൂർ സൈബർ സെല്ലിലേക്ക്; പണി പാളി, വൈറലായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2024, 11:22 am

തൃശൂർ: മുംബൈ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടാനുള്ള യുവാവിന്റെ പ്ലാൻ പൊളിച്ചടുക്കി തൃശ്ശൂർ പൊലീസ്. പൊലീസ് യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത തട്ടിപ്പ് സംഘത്തിലെയാൾ വിളിച്ചത് തൃശൂർ പൊലീസ് സൈബർ സെല്ലിലേക്കാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ലായിരുന്നു. ഒടുവിൽ ക്യാമറ ഓണാക്കി പൊലീസുകാരെ കണ്ടതോടെയാണ് അപകടം മനസിലായത്.

കടുവയെ പിടിച്ച കിടുവ യേ കാം ചൊടുവോ ബായ് എന്ന അടിക്കുറിപ്പോടെ സംഭവത്തിന്റെ വീഡിയോ ട്രോൾ രൂപത്തിൽ തൃശൂർ സിറ്റി പൊലീസ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടനെ 1930ൽ വിളിച്ച് വിവരം അറിയിക്കണമെന്ന് നിർദേശിച്ചാണ് പോലീസ് വീഡിയോ അവസാനിപ്പിക്കുന്നത്.

മുംബൈയിൽ നിന്നുള്ള ആൾ പൊലീസ് യൂണിഫോമിൽ വീഡിയോ കോൾ ചെയ്യുകയായിരുന്നു. കോൾ സ്വീകരിക്കുന്ന ആളോട് തന്റെ ക്യാമറ നേരെ വയ്ക്കാൻ തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. എന്നാൽ, താൻ തൃശൂർ പോലീസ് സൈബർ സെൽ എസ്.ഐ ഫിസ്റ്റോ ടിഡിയെ ആണ് വിളിക്കുന്നത് എന്ന തട്ടിപ്പുകാരൻ അറിഞ്ഞില്ല. ക്യാമറ നേരെ വയ്ക്കണമെന്നും പറഞ്ഞ തട്ടിപ്പുകാരനോട് ഫോണിലെ ക്യാമറ നല്ലതല്ലെന്ന് പറഞ്ഞ് എസ്.ഐ പെട്ടെന്ന് മുഖം കാണിച്ചു.

യഥാർത്ഥ പൊലീസിന് മുന്നിൽ താൻ കുടുങ്ങിയെന്നറിഞ്ഞ വ്യാജ പൊലീസ് ഞെട്ടി. ഇത് തൃശൂർ സൈബർ സെല്ലാണെന്നും തട്ടിപ്പ് നടത്തിയയാളുടെ സ്ഥലവും വിലാസവും പോലീസിന് ലഭിച്ചിട്ടുണ്ടെന്നും നമസ്തേ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച തട്ടിപ്പുകാരനോട് എസ്.ഐ പറഞ്ഞു.

സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്റുകളാണ് വരുന്നത്. തീപ്പെട്ടിയിൽ ഉറുമ്പുകൾ കയറുന്നുണ്ടോ?, തീപ്പെട്ടി വേണ്ട, പകരം തീ ഉണ്ടല്ലോ എന്ന രസകരമായ കമന്റുകളാണ് പോസ്റ്റിൽ വരുന്നത്.

ഒരു സൈബർ പരാതിയുണ്ടെന്ന് തട്ടിപ്പുകാർ ഇരകളെ കോളിലൂടെ അറിയിക്കുകയും ഉടൻ തന്നെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ മറ്റൊരാൾ വീഡിയോ കോളിലൂടെ അവരെ ബന്ധപ്പെടുകയും ചെയ്യും. തട്ടിപ്പുകാർ പിന്നീട് ഇരകളെ വെർച്വൽ അറസ്റ്റ് ചെയ്യുകയും ബാങ്ക് വിശദാംശങ്ങൾ ശേഖരിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യും. ഇത്തരം കോളുകൾ അവഗണിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.

 

Content Highlight: Fraudster called Thrissur cyber cell