തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് തലശ്ശേരിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍(30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍. രഗിത്ത്(26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വി.വി. ശരത്(25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ്(26) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.
ഡിസംബര്‍ ഒന്നിനാണ് തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ”അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല” എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.
ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ സംഘടനകള്‍ തലശ്ശേരി ടൗണില്‍ മുദ്രാവാക്യം വിളിയുമായി പ്രകടനം നടത്തി. എസ്.ഡി.പി.ഐ പ്രകടനത്തിനിടെ വര്‍ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്, ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.