Gouri Lankesh murder
ഗൗരി ലങ്കേഷ് വധം; നാലുപ്രതികളുണ്ടെന്ന് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 04, 03:23 am
Sunday, 4th March 2018, 8:53 am

ബെംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിരിക്കുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. മൂന്നല്ല മൊത്തം നാലുപേരാണ് ഗൗരി ലങ്കേഷ് വധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് കേസിലെ പ്രധാന പ്രതിയായ ഒരാള്‍ കസ്റ്റഡിയിലായത്. കെ.ടി നവീന്‍ കുമാര്‍ എന്ന 37 കാരനെ കസ്റ്റഡിയിലെടുത്തതായി പ്രത്യേക അന്വേഷണ സംഘത്തലവന്‍ എം.എന്‍ അനുച്ഛേദ് അറിയിച്ചിരുന്നു. ഇയാള്‍ക്ക് ഹിന്ദു യുവ സേന എന്ന സംഘടനയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും അനുച്ഛേദ് അറിയിച്ചു. ചിക്മംഗലൂരു ജില്ലയിലെ ബിരൂര്‍ ടൗണിലാണ് നവീന്‍ കുമാര്‍ താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സംഭവത്തില്‍ മൊത്തം നാലുപ്രതികളാണ് ഇനിയും പിടിയിലാകാനുള്ളതെന്നാണ് അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തല്‍. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടതായി അന്വേഷണ സംഘം പറഞ്ഞു.

ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5 നാണ് സ്വവസതിയ്ക്കുമുന്‍പില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്. കല്‍ബുര്‍ഗി വധത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ഗൗരി.