സുപ്രീംകോടതി ജഡ്ജിയാകാനില്ല : ഗോപാല്‍ സുബ്രഹ്മണ്യം
Daily News
സുപ്രീംകോടതി ജഡ്ജിയാകാനില്ല : ഗോപാല്‍ സുബ്രഹ്മണ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th June 2014, 12:45 pm

[] ന്യൂദല്‍ഹി : സുപ്രീംകോടതി ജഡ്ജിയാകാനില്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചു. സുബ്രഹ്മണ്യത്തെ ജഡ്ജിയാക്കാനുള്ള കൊളീജിയം ശുപാര്‍ശ മോദി സര്‍ക്കാര്‍ തള്ളിയിരുന്നു. ജഡ്ജി സ്ഥാനത്തേക്ക് കൊളീജിയം നാമനിര്‍ദ്ദേശം ചെയ്ത രണ്ട് അഭിഭാഷകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് കേന്ദ്രസര്‍ക്കാറിന് ശുപാര്‍ശ ചെയ്തത്. സുബ്രഹ്മണ്യത്തിനു പുറമേ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ റോഹിന്‍ടണ്‍ നരിമാനാണ് പട്ടികയിലുള്ള മറ്റൊരു പ്രമുഖന്‍. ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീംകോടതി ജഡ്ജിയാകുന്നതിനോട് താല്‍പര്യമില്ലെന്ന് കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചിരുന്നു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍ ആയിരുന്ന സുബ്രഹ്മണ്യം സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ്  രാജിവച്ചത്. തുടര്‍ന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമിക്കസ്‌ക്യൂറിയായി നിയമിക്കപ്പെട്ടപ്പോള്‍ കോടതില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന് യുക്തിയെക്കാള്‍ വലുത് ആത്മീയ നിഗമനങ്ങളാണെന്നും ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട് ചെയ്തിരുന്നു.