ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയമൊഴിവാക്കി സമനില നേടിയെന്ന വാര്‍ത്ത ആശ്വാസത്തോടെ കേട്ട ആരാധകരെ നിരാശരാക്കിയാണ് സൂപ്പര്‍ താരം ആര്‍. അശ്വിന്റെ വിരമിക്കല്‍ വാര്‍ത്തയെത്തിയത്. മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിലാണ് അശ്വിന്‍ തന്റെ വിരമിക്കല്‍ തീരുമാനമറിയിച്ചത്.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് പലരെയും അമ്പരപ്പിച്ചിരുന്നു. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ നിര്‍ണായകമായ രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്.
ഇപ്പോള്‍ അശ്വിന്റെ വിരമിക്കലിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം ബാസിത് അലി. വിരാട് കോഹ്‌ലിയായിരുന്നു നിലവില്‍ ഇന്ത്യയുടെ ക്യാപ്റ്റനെങ്കില്‍ ഇത്തരത്തില്‍ വിരമിക്കാന്‍ അശ്വിനെ ഒരിക്കലും അനുവദിക്കില്ലായിരുന്നു എന്നാണ് ബാസിത് അലി അഭിപ്രായപ്പെടുന്നത്.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ അദ്ദേഹത്തിന്റെ പത്രസമ്മേളനം കണ്ടു. അതില്‍ കുറേ കാര്യങ്ങളെ കുറിച്ച് അശ്വിന്‍ സംസാരിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. വിരാടായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റനെങ്കില്‍ ഒരു പരമ്പരയുടെ ഇടയില്‍ ഇത്തരത്തില്‍ വിരമിക്കാന്‍ അശ്വിനെ ഒരിക്കലും അനുവദിക്കില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും,’ ബാസിത് അലി പറഞ്ഞു.
അശ്വിന്‍ വിരമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടായിരുന്നെങ്കില്‍ അത് ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റിന് ശേഷം വേണമായിരുന്നു എന്ന് അഭിപ്രായപ്പെട്ട ബാസിത് അലി, ബി.ജി.ടിക്കിടയില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ അനുവദിച്ചതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പരിശീലകന്‍ ഗൗതം ഗംഭീറിനെയും വിമര്‍ശിക്കുകയും ചെയ്തു.
‘ന്യൂസിലാന്‍ഡിനെതിരായ ഹോം ടെസ്റ്റിന്റെ രണ്ടാം മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെടുത്തതിനാല്‍ ആ പരമ്പരയ്ക്ക് ശേഷം അശ്വിന്‍ വിരമിക്കണമായിരുന്നു. അല്ലെങ്കില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങളും അവസാനിച്ച ശേഷമായിരുന്നു ഇത്തരമൊരു തീരുമാനമെടുക്കേണ്ടിയിരുന്നത്.
മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം അശ്വിനെ വിരമിക്കാന്‍ അനുവദിച്ചത് രോഹിത് ശര്‍മയുടെയും ഗൗതം ഗംഭീറിന്റെയും ഭാഗത്ത് നിന്നുമുണ്ടായ ഒരു മോശം തീരുമാനമായിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളിലും അവനെ ടീമിന് ആവശ്യമാണെന്ന് അശ്വിനെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് സാധിക്കണമായിരുന്നു,’ ബാസിത് അലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രിസ്‌ബെയ്‌നില്‍ സമനില പാലിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ്.
രണ്ട് ടെസ്റ്റുകളാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ വേദിയാകുമ്പോള്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട അവസാന ടെസ്റ്റിന് സിഡ്നിയും വേദിയാകും.
Content Highlight: Former Pakistan super star Basit Ali about R Ashwin’s retirement