ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ സഞ്ജു വിക്കറ്റ് നേടാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അമ്പയറിനെ അപമാനിക്കാനാണ് ശ്രമിച്ചതെന്ന വിമര്‍ശനവുമായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ലെജന്‍ഡ് ഡാനിയല്‍ വെറ്റോറി.
ശ്രേയസ് അയ്യരിനെ പുറത്താക്കിയ പന്ത് വൈഡാണെന്ന അമ്പയറിന്റെ കോളിനെതിരെ ഡി.ആര്‍.എസ് നല്‍കിയത് അമ്പയറിന്റെ തെറ്റ് തുറന്ന് കാട്ടാനും നാണം കെടുത്താനുമൊയിരുന്നു എന്നാണ് വെറ്റോറി പറയുന്നത്.
ഭാവിയില്‍ വൈഡ് കോള്‍ അടക്കം ഡി.ആര്‍.എസ്സിലൂടെ പരിശോധിക്കാന്‍ അവസരമുണ്ടാക്കണമെന്നും വെറ്റോറി പറയുന്നു.
‘സഞ്ജു ആ പന്ത് റിവ്യൂവിന് നല്‍കിയത് വിക്കറ്റ് നേടാനോ ക്യാച്ചിനോ അയിരുന്നില്ല, മറിച്ച് അമ്പയറെ പരിഹസിക്കാന്‍ വേണ്ടിയാണ് ഉടന്‍ തന്നെ ഡി.ആര്‍.എസ്സിന് വിട്ടത്.
അമ്പയറുടെ തീരുമാനം തെറ്റിയെന്ന് കാണിക്കാനാണ് സഞ്ജു അപ്പോള്‍ ശ്രമിച്ചത്. എന്റെ അഭിപ്രായത്തില്‍ ഭാവിയില്‍ വൈഡ് കോള്‍ അടക്കം റിവ്യൂവിലൂടെ പരിശോധിക്കാന്‍ അവസരമുണ്ടാക്കണം,’ വെറ്റോറി പറയുന്നു.
കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു.
മത്സരം തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവസരത്തിനൊത്തുയരുന്ന കളിക്കാരനാണെന്നും, ടീമിന് ആവശ്യമുള്ളപ്പോള്‍ രക്ഷകന്റെ റോളിലും എത്താന്‍ തനിക്ക് സാധിക്കും എന്ന് വിളിച്ചുപറയുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം.
ക്യാപ്റ്റന്‍ എന്ന നിലയിലും സഞ്ജുവിന്റെ പ്രകടനം പ്രശംസനീയമായിരുന്നു. ശ്രേയസ് അയ്യരിന്റെ ക്യാച്ചില്‍ ബൗള്‍ ചെയ്ത ട്രെന്റ് ബോള്‍ട്ടിന് പോലും ഉറപ്പില്ലാതിരിക്കുകയും അമ്പയര്‍ നോട്ടൗട്ട് വിളിച്ച ഉടന്‍ തന്നെ ഡി.ആര്‍.എസ് എടുക്കുകയും വിധി രാജസ്ഥാന് അനുകൂലമാക്കുകയും ചെയ്താണ് സഞ്ജു ക്യാപ്റ്റനാവാന്‍ യോഗ്യനാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചത്.
മെയ് ഏഴിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍.