ന്യൂദല്‍ഹി: മധ്യപ്രദേശ് മുന്‍ ഡി.ജി.പി ഋഷി കുമാര്‍ ശുക്ലയെ സി.ബി.ഐയുടെ പുതിയ ഡയറക്ടറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നയിക്കുന്ന ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശുക്ലയ്ക്ക് രണ്ട് വര്‍ഷത്തേക്കാണ് ചുമതല.
അലോക് വര്‍മ്മ പുറത്തായതിന് ശേഷം ജനുവരി 10 മുതല്‍ സി.ബി.ഐ ഡയറക്ടറുടെ പദവി ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സി.ബി.ഐ തലവനെ വൈകിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ വിമര്‍ശനമേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനം നടത്തിയിരിക്കുന്നത്.
30 പേരടങ്ങുന്ന ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നാണ് പ്രധാനമന്ത്രിയ്ക്ക് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെ എന്നിവരടങ്ങുന്ന സമിതി ശുക്ലയെ തെരഞ്ഞെടുത്തത്.
മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ ജാവീദ് അഹമ്മദ്, രജനീകാന്ത് മിശ്ര, എസ്.എസ് ദേശ്‌വാള്‍, വിവേക് ജോഹ്‌രി എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് അവസാന നിമിഷം വരെ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.