വരാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക പരമ്പരയിലും ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിലുണ്ടാകണമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍. ഏകദിന-ടി-20 പരമ്പരകള്‍ക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് വസീം ജാഫര്‍ പറയുന്നത്.
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥിരമായി അവസരം ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ശ്രീലങ്കക്കും ന്യൂസിലാന്‍ഡിനും എതിരെ നടക്കുന്ന ഏകദിന-ടി-20 സ്‌ക്വാഡില്‍ സഞ്ജു സാംസണ്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നു. നീണ്ടുനില്‍ക്കുന്ന സ്ഥിരമായ അവസരങ്ങള്‍ അവന് ലഭിക്കണമെന്നും ആഗ്രഹിക്കുന്നു,’ വസീം ജാഫര്‍ ട്വീറ്റ് ചെയ്തു.
I hope Sanju Samson is part of India squads for both T20I and ODI series against SL and NZ. And gets a consistent long run. #INDvSL#INDvNZ
2015ല്‍ അന്താരാഷ്ട ടി-20യില്‍ അരങ്ങേറ്റം കുറിച്ച സഞ്ജുവിന് ആകെ 16 മത്സരങ്ങള്‍ മാത്രമാണ് കളിക്കാന്‍ സാധിച്ചത്. 2021ലായിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം.
മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും മാനേജ്‌മെന്റിന്റെ ഫേവററ്റിസം കാരണം ടീമില്‍ ഇടം ലഭിക്കാതെ പോകുന്ന താരമായിരുന്നു സഞ്ജു. താരത്തെ സ്ഥിരമായി തഴയുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യയൊട്ടുക്കുള്ള ആരാധകര്‍ രംഗത്ത് വന്നിരുന്നു.
ബി.സി.സി.ഐ പിരിച്ചുവിട്ട ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ഈ പരമ്പരകള്‍ക്കുമുള്ള ടീം സെലക്ട് ചെയ്യുന്നത്.
ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയോടെയാണ് ഇന്ത്യ 2023 കലണ്ടര്‍ ഇയര്‍ ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി-20 ജനുവരി മൂന്നിന് മുംബൈയില്‍ വെച്ചാണ് നടക്കുന്നത്. ജനുവരി അഞ്ചിന് പൂനെയില്‍ വെച്ചും ജനുവരി ഏഴിന് രാജ്‌കോട്ടില്‍ വെച്ചുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ജനുവരി 10, 12, 15 തീയ്യതികളിലായാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഗുവാഹത്തി, കൊല്‍ക്കത്ത, തിരുവന്തപുരം എന്നിവിടങ്ങളിലായാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ശ്രീലങ്കക്കെതിരായ പരമ്പരക്ക് ശേഷം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി-20യും കളിക്കും. ജനുവരി 18 മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് പരമ്പര നടക്കുന്നത്.