ബുധനാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെ കളത്തിലിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും വെടിക്കെട്ട് താരവുമായിരുന്ന വിരേന്ദര്‍ സേവാഗ്.
കളിച്ച നാല് മത്സരത്തിലും തോല്‍ക്കാനായിരുന്നു അഞ്ച് തവണ ചാമ്പ്യന്‍മാരായ ടീമിന്റ വിധി. ടീമിന് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പ്രകടനവും പരിതാപകരമാണ്. ഐ.പി.എല്ലില്‍ നാല് മത്സരത്തില്‍ നിന്നും 80 റണ്‍സ് മാത്രമാണ് ഹിറ്റ്മാന്‍ നേടിയിട്ടുള്ളത്.
ക്യാപ്റ്റന്‍ എന്ന സ്ഥാനം രോഹിത്തിന് ചില സമയങ്ങളില്‍ ബാധ്യതയാവുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ച സേവാഗ്, ബാറ്റിംഗിനിറങ്ങുമ്പോള്‍ താന്‍ നായകനാണെന്ന വസ്തുത രോഹിത് മറക്കണമെന്നും ചൂണ്ടിക്കാണിക്കുന്നു.
ക്രിക്ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സേവാഗ് ഇക്കാര്യം പറഞ്ഞത്.
‘ബാറ്റിംഗിനിറങ്ങുമ്പോള്‍ താന്‍ ക്യാപ്റ്റനാണെന്ന കാര്യം രോഹിത് മറക്കുകയും ഹിറ്റ്മാനാണെന്ന കാര്യം മാത്രം ഓര്‍ക്കുകയും വേണം,’ സേവാഗ് പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു മുംബൈയ്‌ക്കൊപ്പം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്നും നാല് തവണ ചാമ്പ്യന്‍മാരായ ചെന്നൈ അല്‍പമെങ്കിലും ഒന്ന് പിന്‍വാങ്ങിയത്.
മുംബൈയ്‌ക്കൊപ്പം തന്നെ കളിച്ച മത്സരങ്ങള്‍ എല്ലാം തോറ്റ് തോറ്റാണ് ചെന്നൈ ഒടുവില്‍ ആര്‍.സി.ബിയോട് ജയിച്ചത്. ഉത്തപ്പയും ദുബെയും ആളിക്കത്തിയപ്പോള്‍ 216 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ചെന്നൈ മത്സരം സ്വന്തമാക്കിയത്.
ഇതേ തന്ത്രം തന്നെ മുംബൈയും പയറ്റണമെന്നും സേവാഗ് പറയുന്നു.
ബുംറയടക്കമുള്ള ബൗളര്‍മാര്‍ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ടോസ് നഷ്ടപ്പെട്ടാല്‍ ബാറ്റര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുക്കണമെന്നും ബൗളര്‍മാര്‍ ആ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിക്കണമെന്നുമാണ് താരം പറയുന്നത്.
പഞ്ചാബ് കിംഗ്‌സിനോടാണ് മുംബൈ തങ്ങളുടെ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. കളിച്ച നാല് മത്സരത്തിലും തോറ്റ മുംബൈയ്ക്ക് മുഖം രക്ഷിക്കാന്‍ വേണ്ടിയെങ്കിലും ജയം അനിവാര്യമാണ്.