Kerala News
'സി.എച്ചിന്റെ പാരമ്പര്യമുള്ളവര്‍ സൈബര്‍ ക്രൈം ചെയ്തയാളെ സംരക്ഷിക്കുന്നതെന്തിനാകും,'പരാതി നല്‍കി മൂന്നു മാസം പിന്നിട്ടും ലീഗ് നേതൃത്വം ഇടപെടുന്നില്ലെന്ന് 'ഹരിത' മുന്‍ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 19, 04:17 pm
Thursday, 19th May 2022, 9:47 pm

കോഴിക്കോട് : തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മുന്‍ ‘ഹരിത’ നേതാവ്.

ലീഗ് നേതൃത്വം സര്‍ സയ്യിദ് കോളേജിലെ എം.എസ്.എഫ് മുന്‍ വൈസ് പ്രസിഡന്റും മലപ്പുറം വളാഞ്ചേരി സ്വദേശിനിയുമായ ആഷിഖ ഖാനമാണ് ലീഗ് നേതൃത്വത്തില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ ഖാന ഇക്കാര്യം അറിയിച്ചത്.

വിവിധ ലീഗ് നേതാക്കള്‍ക്ക് മെയില്‍ വഴി ഇവര്‍ നല്‍കിയ പരാതിയുടെ സ്‌ക്രീന്‍ ഷോട്ടും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി പത്താം തിയതി തനിക്ക് നേരിട്ട സൈബര്‍ ആക്രമണത്തില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയെന്നും ഇതില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആഷിഖ പറയുന്നു.

അതിക്രൂരമായ സൈബര്‍ അറ്റാക്കിനെതിരെ മലപ്പുറം സൈബര്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവില്‍ സൈബര്‍ പൊലീസ് കണ്ടെത്തിയതാണ് മുഹമ്മദ് അനീസ് എന്ന ചാപ്പനങ്ങാടി സ്വദേശിയാണ് ഇതിന് പിന്നിലെന്ന്.

ഈ പറയപ്പെടുന്ന മുഹമ്മദ് അനീസിനെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്ത് അയാള് ചെയ്ത ഒരു വലിയ തെറ്റിനെ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ മേല്‍ കെട്ടിവെച്ച് ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

ആ നേരം മുതലാണ് നിയമപരമായി മുന്നോട്ട് പോകുന്നതിനപ്പുറം ഇതിനെതിരെ പാര്‍ട്ടി തന്നെ നടപടിയെടുക്കുകയാണ് വേണ്ടത് എന്ന ചിന്ത രൂക്ഷമാകുന്നതെന്നും ആഷിഖ പറഞ്ഞു.

‘മഹാനായ സി.എച്ചിന്റെയും സീതി സാഹിബിന്റെയുമൊക്കെ മഹത്തായ പാരമ്പര്യം മുറുകെ പിടിക്കുന്ന മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. വഹാബ് ചാപ്പനങ്ങാടി ഇത്തരത്തിലുള്ള ഒരു സൈബര്‍ ക്രൈം ചെയ്ത വ്യക്തിക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയത് എന്തിനായിരുന്നു എന്നതൊരു ചോദ്യമായി ബാക്കി നില്‍ക്കുന്നുണ്ടെങ്കിലും മുന്‍സംഭവങ്ങള്‍ കൂടെ കൂട്ടിവായിക്കുമ്പോള്‍ ഉത്തരം വ്യക്തമാണ്.

എന്നാല്‍ അതിനെതിരെയൊന്നും ഒരു ചെറുവിരലനക്കാന്‍ പോലും മുസ്‌ലിം ലീഗ് പാര്‍ട്ടി തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. പാര്‍ട്ടി നടപടിയെടുക്കേണ്ടതുണ്ട്,

കൃത്യമായ തെളിവുകളില്‍ നിന്നിട്ടാണ് സംസാരിക്കുന്നത്. ഇപ്പോഴും കാത്തിരിക്കുന്നത് ഇത്തരത്തിലുള്ള ഒരു ക്രൈമിനെ ഒരിക്കലും എന്റെ പാര്‍ട്ടി ന്യായീകരിക്കില്ലെന്ന് കേള്‍ക്കാനും ഇങ്ങനെയൊരു ക്രൈം ചെയ്തിട്ട് അതിനെ മുസ്‌ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നത് കാണാനുമാണ്.

ഒരു സൈബര്‍ ക്രൈമിനെ ന്യായീകരിക്കേണ്ട ഗതികേട് മുസ്‌ലിം ലീഗിനില്ലെന്ന്, അത് ചെയ്തവരെ സംരക്ഷിക്കേണ്ട ഗതികേട് ഈ പാര്‍ട്ടിക്കില്ലെന്ന് ഉറച്ച് വിശ്വസിക്കുന്നു.
ഇതിനെതിരെ ലീഗ് നടപടിയെടുത്തിട്ടില്ലെങ്കില്‍ ഈ പ്രസ്ഥാനത്തിനകത്തേക്ക് വരുന്ന ഓരോ പെണ്‍കുട്ടികളും ഇനിയുള്ള കാലത്ത് എന്ത് വിശ്വസിച്ചാണ് വരിക.
അതിനാല്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ഈ പരാതി ഇവിടെയും പങ്കുവെക്കുന്നു.

പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ ഈ വിഷയത്തെ നിയമപരമായി തന്നെ നേരിടുന്നതിനാണ്,
എന്നാല്‍ അതിനപ്പുറം ഞാനാഗ്രഹിക്കുന്നത് മുസ്‌ലിം ലീഗെന്ന മഹത്തായ പ്രസ്ഥാനം ഒരിക്കലും ഇത്തരത്തിലുള്ള സൈബര്‍ ക്രൈമുകളെ ന്യായീകരിക്കില്ലെന്നതും അത് ചെയ്തവരെ സംരക്ഷിക്കില്ലെന്നതും കേള്‍ക്കാനാണ്,’ ആഷിഖ ഖാന ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Content Highlights: former ‘Haritha’ leader has said that no action has been taken even after three months of complaining to the league leadership about the cyber attack