national news
'എനിക്ക് കാലനോട് ദേഷ്യമുണ്ട്, കാലന്‍ ഇക്കാര്യം ചെയ്യാന്‍ വൈകിയതെന്താണ്', അഗ്നിവേശിന്റെ മരണത്തില്‍ മുന്‍ സി.ബി.ഐ ഡയറക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 12, 05:55 am
Saturday, 12th September 2020, 11:25 am

ന്യൂദല്‍ഹി: ഇന്നലെ അന്തരിച്ച സ്വാമി അഗ്നിവേശിനെ അധിക്ഷേപിച്ച് മുന്‍ സി.ബി.ഐ ഡയറക്ടര്‍ നാഗേശ്വര റാവു.

സ്വാമി അഗ്നിവേശ് ആട്ടിന്‍തോലിട്ട ചെന്നായയാണെന്ന് നാഗേശ്വര റാവു ട്വിറ്ററില്‍ കുറിച്ചു. സ്വാമി അന്ഗിവേശിന്റെ മരണത്തിന് പിന്നാലെയായിരുന്നു നാഗേശ്വര റാവുവിന്റെ പരാമര്‍ശം. ഹിന്ദുവിരുദ്ധനായ ഒരാള്‍ കാവിവസ്ത്രം ധരിക്കുന്നത് ഹിന്ദുത്വത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്ഷതമാണെന്നും നാഗേശ്വര റാവു പറഞ്ഞു.

‘അഗ്നിവേശ് തെലുങ്ക് ബ്രാന്മണനായി ജനിച്ചതില്‍ എനിക്ക് ലജ്ജതോന്നുന്നു. ആട്ടിന്‍തോലിട്ട ഒരു ചെന്നായയാണ് അയാള്‍, നാഗേശ്വര റാവു തന്റെ ട്വീറ്റില്‍ കുറിച്ചു.

 

കാലനോട് തനിക്ക് ദേഷ്യമുണ്ടെന്നും കാലന്‍ ഇക്കാര്യം ചെയ്യാന്‍ ഇത്രയും വൈകിയതെന്താണെന്നും അഗ്നിവേശിന്റെ മരണവുമായി ബന്ധപ്പെട്ട് നാഗേശ്വര റാവു പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ദല്‍ഹിയിലെ ആശുപത്രിയിലായിരുന്നു ആര്യസമാജം പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന്റെ മരണം.

കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ ചികിത്സയിലായിരുന്നു.

രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചെന്ന് നേരത്തെ മെഡിഡക്കല്‍ ബുള്ളറ്റിന്‍ പുറത്തിറങ്ങിയിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

1939ല്‍ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍-ചമ്പ ജില്ലയിലാണ് സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കൊല്‍ക്കത്തയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്മെന്റില്‍ അദ്ധ്യാപകനായിരുന്നു.

1968 ല്‍ ഹരിയാനയിലെത്തിയ അദ്ദേഹംആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു.

1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിര്‍ഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കുകയായിരുന്നു. എഴുത്തിലൂടെയും നിലപാടിലൂടെയും ഹിന്ദുത്വത്തിനെതിരെ സംസാരിക്കുന്ന വ്യക്തിയായിരുന്നു സ്വാമി അഗ്നിവേശ്.ബീഫ് നിരോധനത്തിനെതിരെയുള്ള പ്രസ്താവനകള്‍ കണക്കിലെടുത്ത്, സനാതന ധര്‍മത്തിനെതിരെയാണ് അഗ്നിവേശ് പ്രവര്‍ത്തിക്കുന്നതെന്നും തീവ്രഹൈന്ദവസംഘടനകള്‍ ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: former cbi director nageswara rao laughing agniveshs death