'കിങ് മരിച്ചു, ഇന്ത്യന്‍ ടീമില്‍ തന്നെ മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞു'
Sports News
'കിങ് മരിച്ചു, ഇന്ത്യന്‍ ടീമില്‍ തന്നെ മറ്റൊരാള്‍ ആ സ്ഥാനം ഏറ്റെടുത്ത് കഴിഞ്ഞു'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th December 2024, 8:16 pm

ബോക്‌സിങ് ഡേ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സൈമണ്‍ കാറ്റിച്ച്. കിങ് ഈസ് ഡെഡ് (രാജാവ് മരണപ്പെട്ടു) എന്നാണ് കാറ്റിച്ച് പറഞ്ഞത്. ക്രിക്കറ്റ് ലോകത്ത് വിരാട് കോഹ്‌ലിയുടെ വിളിപ്പേരാണ് കിങ് അഥവാ കിങ് കോഹ്‌ലി എന്നത്.

‘കിങ് ഈസ് ഡെഡ്. അവന്‍ ആ സ്ഥാനത്ത് നിന്നും നടന്നകലുകയാണ്. കിങ് ബുംറയാണ് നിലവില്‍ രാജാവിന്റെ ആ മേലങ്കി ധരിച്ചിരിക്കുന്നത്. കോഹ്‌ലി തന്റെ അവസ്ഥയില്‍ ദുഃഖിതനായാണ് കാണപ്പെടുന്നത്. അത് അവനെ സംബന്ധിച്ച് വളരെ വലിയ തിരിച്ചടിയാണ്. അവന്റെ പ്രകടനങ്ങളൊന്നും തന്നെ മികച്ചതായിരുന്നില്ല. നിലവിലെ ഈ സാഹചര്യത്തില്‍ തങ്ങളുടെ അവസ്ഥയോര്‍ത്ത് ഓസ്‌ട്രേലിയ വളരെ വളരെ സന്തോഷവാന്‍മാരായിരിക്കും,’ കാറ്റിച്ച് പറഞ്ഞു.

 

തന്റെ പേരിനോ പെരുമയ്‌ക്കോ ചേര്‍ന്ന രീതിയിലല്ല ഈ പരമ്പരയില്‍ വിരാട് ബാറ്റ് വീശുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ വിരാടിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു.

ശേഷം ബാറ്റെടുത്ത അഞ്ച് ഇന്നിങ്‌സില്‍ നിന്നുമായി 62 റണ്‍സ് മാത്രമാണ് വിരാടിന് കണ്ടെത്താന്‍ സാധിച്ചത്. 7, 11, 3, 36, 5 എന്നിങ്ങനെയാണ് അവസാന അഞ്ച് ഇന്നിങ്‌സില്‍ വിരാടിന്റെ പ്രകടനം. ഈ പരമ്പരയില്‍ ഇതുവരെ നേടിയതാകട്ടെ വെറും 167 റണ്‍സും.

 

വിരാട് കോഹ്‌ലി അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് പിന്നിലാണ്.

പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് കീഴില്‍ ഇന്ത്യ 295 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു. ഒരു എവേ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമെന്ന നേട്ടവും പെര്‍ത്തില്‍ ഓസ്‌ട്രേലിയയിലെ തോല്‍പിച്ച ആദ്യ ടീം എന്ന നേട്ടവും പിറവിയെടുത്തു. ഈ നേട്ടങ്ങളുടെ കാരണക്കാരില്‍ ഒരാള്‍ വിരാടായിരുന്നു.

 

ശേഷം അഡ്‌ലെയ്ഡിലും മെല്‍ബണിലും ഇന്ത്യ പരാജയപ്പെട്ടതിലെ പല കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നും വിരാട് തന്നെയാണ്.

നാലാം ടെസ്റ്റിന് പരാജയത്തിന് പിന്നാലെ ഇന്ത്യയ്ക്ക് പരമ്പര വിജയിക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. ജനുവരി മൂന്നിന് സിഡ്നിയില്‍ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കുക മാത്രമാണ് ഇന്ത്യക്ക് മുമ്പിലുള്ള ഏക പോംവഴി.

 

Content Highlight: Former Australia star Simon Katich criticize Virat Kohli after his poor performance in BGT