national news
അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചു: എ.ബി.വി.പി മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 20, 03:31 am
Sunday, 20th March 2022, 9:01 am

ചെന്നൈ: അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ച് അപമാനിച്ച സംഭവത്തില്‍ എ.ബി.വി.പി മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍. 2020 ജൂലൈയില്‍ നടന്ന സംഭവത്തിലാണ് എ.ബി.വി.പി മുന്‍നേതാവായ സുബ്ബയ്യ ഷണ്‍മുഖത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

താമസസ്ഥലത്തെ ഒഴിഞ്ഞ പാര്‍ക്കിംഗ് സ്ഥലം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ ഇയാള്‍ മൂത്രമൊഴിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വീടിന്റെ വാതില്‍പ്പടിയില്‍ സുബ്ബയ്യ മൂത്രമൊഴിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതോടെ 60 വയസുകാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഇവര്‍ക്ക് പരാതി പിന്‍വലിക്കേണ്ടി വന്നു. കുടുംബത്തിന് ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അതിനാലാണ് പരാതി പിന്‍വലിക്കേണ്ടി വന്നതെന്നും സ്ത്രീയുടെ ബന്ധു പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന നിലപാട് പൊലീസ് സ്വീകരിച്ചു.

സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റൈന്‍ നടപടി ലംഘിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അന്വേഷണം ആരംഭിച്ച പൊലീസ് സുബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വാതില്‍പ്പടിയില്‍ മൂത്രമൊഴിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും സുബ്ബയ്യ ആരോപണങ്ങള്‍ നിഷേധിക്കുകയും വീഡിയോ കൃത്രിമമാണെന്ന് ആരോപിക്കുകയും ചെയ്തു.

അതേസമയം സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം 2020 ഒക്ടോബറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ബോര്‍ഡ് അംഗമായി സുബ്ബയ്യയെ നിയമിച്ചിരുന്നു. ഈ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വഭാവ ദൂഷ്യമുള്ള ഇത്തരക്കാരെ ബോര്‍ഡ് അംഗമാക്കരുതെന്നായിരുന്നു പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യം.

അടുത്തിടെ കില്‍പൗക് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഓങ്കോളജി തലവന്‍ സ്ഥാനത്ത് നിന്ന് സുബ്ബയ്യയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച എ.ബി.വി.പി പ്രവര്‍ത്തകരെ സഹായിച്ച കുറ്റത്തിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നതിനിടെ കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാവുന്നത് അച്ചടക്ക ലംഘനമാണ്.


Content Highlight: Former ABVP national president arrested for urinating on a neighbor’s door