ഒടുവിൽ അദ്ദേഹവും പറഞ്ഞു; റൊണാൾഡോ മികച്ച താരമല്ല
football news
ഒടുവിൽ അദ്ദേഹവും പറഞ്ഞു; റൊണാൾഡോ മികച്ച താരമല്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 23rd February 2023, 1:56 pm

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ലോക ഫുട്ബോളിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മെസിയാണോ റൊണാൾഡോയാണോ മികച്ചതെന്ന ചോദ്യം.

ഇതിന് ഇരു താരങ്ങളുടെയും പക്ഷത്തുമായി ഫുട്ബാൾ ആരാധകർ ചേരിതിരിഞ്ഞ് സംവാദങ്ങൾ നടത്തുന്നുണ്ട്.
മെസി ലോകകപ്പ് നേടിയപ്പോൾ അദ്ദേഹമാണ് മികച്ച താരമെന്ന് തെളിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി മെസി ആരാധകർ സമൂഹ മാധ്യമങ്ങളിൽ നടത്തിയ ആഹ്ലാദ പ്രകടനങ്ങൾക്ക് റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകളും ഗോൾ എണ്ണവും ചൂണ്ടിക്കാട്ടിയായിരുന്നു മെസി ആരാധകരുടെ വിമർശനം.

എന്നാലിപ്പോൾ റൊണാൾഡോയല്ല മികച്ച താരമെന്നും മെസിയാണ് തന്റെ അഭിപ്രായത്തിൽ മെച്ചപ്പെട്ട കളിക്കാരനെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഫെർണാണ്ടോ ഗാഗോ.

അർജന്റീനയുടെയും റയൽ മാഡ്രിഡിന്റെയും താരമായ ഗാഗോ മെസിക്കൊപ്പവും റൊണാൾഡോക്കൊപ്പവും കളിച്ചിട്ടുള്ള അപൂർവ താരങ്ങളിലൊരാളാണ്.

സ്പാനിഷ് മാധ്യമമായ മാർക്കയോട് സംസാരിക്കവെയായിരുന്നു മെസിയെയും നെയ്മറെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ഗാഗോ ചൂണ്ടിക്കാണിച്ചത്.

“എന്നെ സംബന്ധിച്ചിടത്തോളം റൊണാൾഡോ ഒന്നാം നമ്പർ താരമൊന്നുമല്ല. മെസിയാണ് എന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരം. കാരണം അദ്ദേഹത്തിന്റെ കളി ശൈലി വളരെ മികച്ചതാണ്. അദ്ദേഹം പന്ത് കൊണ്ട് മുന്നേറുന്നതും മത്സരങ്ങൾ മാറ്റിമറിക്കുന്നതും കാണേണ്ട കാഴ്ചതന്നെയാണ്. മെസി കളിക്കുന്നത് കാണുന്നത് തന്നെ മികച്ച അനുഭവമാണ്,’ ഗാഗോ പറഞ്ഞു.

“മെസി കളി വിജയിപ്പിക്കാൻ തക്ക ശേഷിയുള്ള താരമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അത് ഓർക്കുമ്പോൾ തന്നെ മനസിന് ഒരു സമാധാനമുണ്ട്,’ ഗാഗോ കൂട്ടിച്ചേർത്തു.

“മെസി വളരെ പ്രതിഭാശാലിയായ ഒരു വ്യക്തിതന്നെയാണ്. കളിയെ നന്നായി മനസിലാക്കിയിട്ടുള്ള അദ്ദേഹം ഒരു പതിറ്റാണ്ടായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്,’ ഗാഗോ പറഞ്ഞു.

ബൊക്കാ ജൂനിയേഴ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ഫെർണാണ്ടോ ഗാഗോയെ റയൽ മാഡ്രിഡ്‌ സൈൻ ചെയ്തത്.
ഇപ്പോൾ അർജന്റീനയിലെ ടോപ്പ് ഡിവിഷൻ ക്ലബ്ബായ റേസിങ് ക്ലബ്ബിന്റെ പരിശീലകനാണ് ഗാഗോ.

അതേസമയം മെസിയുടെ നിലവിലെ ക്ലബ്ബായ പി.എസ്.ജിയിലെ കരാർ 2022 ജൂണോടെ അവസാനിക്കും. കരാർ അവസാനിക്കും മുമ്പ് താരവുമായുള്ള കരാർ പുതുക്കാൻ പി.എസ്.ജിക്ക് താൽപര്യമുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

റൊണാൾഡോ 225 മില്യൺ യൂറോ പ്രതിവർഷ പ്രതിഫലത്തിന് അൽ നസറിൽ കളിക്കുകയാണിപ്പോൾ, നാല് മത്സരങ്ങളിൽ നിന്നും അഞ്ച് ഗോളുകളാണ് സൗദി ക്ലബ്ബിന് വേണ്ടിയുള്ള റൊണാൾഡോയുടെ സമ്പാദ്യം.

 

Content Highlights:For me Ronaldo is not number one said Fernando Gago