മഞ്ചേശ്വരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രനെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ രണ്ട് ലക്ഷം രൂപ തന്നെന്ന വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ ബി.ജെ.പി ഭീഷണിയെന്ന് കെ. സുന്ദര.
പണം വാങ്ങിയിട്ടില്ലെന്ന് അമ്മയോട് പറയാന്‍ ആവശ്യപ്പെട്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തുമെന്നും സുന്ദര പറഞ്ഞു.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കാശ് വാങ്ങിയത് തെറ്റാണെന്നും എന്നാല്‍ ചെലവായതിനാല്‍ തിരികെ കൊടുക്കാനില്ലെന്നും സുന്ദര പറഞ്ഞു.
ആരുടെയും പ്രലോഭനത്തിലല്ല ഇപ്പോഴത്തെ വെളിപ്പെടുത്തലെന്നും കെ. സുന്ദര വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പത്രിക പിന്‍വലിക്കാന്‍ ബി.ജെ.പി. നേതാക്കാള്‍ പണം നല്‍കിയെന്ന കെ. സുന്ദര വെളിപ്പെടുത്തിയത്.
15 ലക്ഷമാണ് ആദ്യം വാഗ്ദാനം നല്‍കിയതെന്നും എന്നാല്‍ അതില്‍ രണ്ട് ലക്ഷം മാത്രമാണ് തനിക്ക് ലഭിച്ചതെന്നും കെ. സുന്ദര പറഞ്ഞിരുന്നു. ബി.ജെ.പി. നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തുവെന്നും സുന്ദര പറഞ്ഞു. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും നല്‍കാമെന്നും വാഗ്ദാനമുണ്ടായിരുന്നതായി സുന്ദര പറഞ്ഞു.
എന്നാല്‍ ആരോപണം നിഷേധിച്ച് ബി.ജെ.പി. രംഗത്ത് എത്തിയിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും സുന്ദരയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും ബി.ജെ.പി. പറഞ്ഞു.
സി.പി.ഐ.എം- മുസ്‌ലിം ലീഗ് ഗൂഢാലോചനയാണ് സുന്ദരയുടെ ആരോപണമെന്നും ബി.ജെ.പി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പിന്നീട് ഇദ്ദേഹം പത്രിക പിന്‍വലിക്കുകയായിരുന്നു.
പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം സുന്ദരയെ കാണാനില്ലെന്ന് പറഞ്ഞ് ബി.എസ്.പി നേതൃത്വം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്ദര പ്രഖ്യാപിക്കുകയായിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സുന്ദരയ്യ 467 വോട്ടുകളാണ് നേടിയത്. ബി.എസ്.പി സ്ഥാനാര്‍ത്ഥിയായാണ് കെ. സുന്ദര മത്സരിച്ചത്. അന്ന് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്.