'വില്‍ക്കാനും വിലക്കെടുക്കാനും മുസ്‌ലിം ലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളം': കെ.എം. ഷാജിക്കെതിരെ കെ.ടി. ജലീല്‍
Kerala News
'വില്‍ക്കാനും വിലക്കെടുക്കാനും മുസ്‌ലിം ലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളം': കെ.എം. ഷാജിക്കെതിരെ കെ.ടി. ജലീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th June 2022, 7:27 pm

മലപ്പുറം: ലോകകേരള സഭയില്‍ ബഹിഷ്‌കരണ വിഷയത്തില്‍ മുസ്‌ലിം ലീഗ് നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍.

‘ആര്‍ക്കെങ്കിലും വില്‍ക്കാനും വിലക്കെടുക്കാനും മുസ്‌ലിം ലീഗ് വാണിയങ്കുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അര്‍ത്ഥമെന്നും
അത് ചെലര്ക്ക് തിരിം ചെലര്ക്ക് തിരീലായെന്നും,’ ജലീല്‍ പരിഹസിച്ചു.

ലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടയെന്ന് പറഞ്ഞ് എം.എ. യൂസഫലിയെ വിമര്‍ശിച്ച മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചതിനെക്കുറിച്ച് യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗ് ലീഗിന്റെ നയം നടപ്പാക്കി എന്നുമായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചിരുന്നത്.

യൂസഫലി ആദരണീയനായ വ്യക്തത്വമാണ്, അദ്ദേഹത്തിന്റെ മാന്യത ഞങ്ങള്‍ അംഗീകരിക്കുന്നു. പ്രവാസി സംഘടനകള്‍ക്ക് ഏറെ സഹായം നല്‍കുന്ന വ്യക്തിയാണ് യൂസഫലിയെന്നും സാദിഖലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരെല്ലാം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

യൂസഫലി ഒരേസമയം ബിസിനസിനായി മോദിയേയും യോഗിയേയും തൃപ്തിപ്പെടുത്താന്‍ നടക്കുകയാണെന്നും ലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടയെന്നുമായിരുന്നു കെ.എം ഷാജിയുടെ വിമര്‍ശനം.

ഞങ്ങളുടെ നേതാക്കള്‍ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ക്ക് നല്ല വ്യവസ്ഥയുണ്ട്.

അത് മുതലാളിമാരുടെ വീട്ടില്‍ പോയി ചീട്ട് വാങ്ങിയിട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നതെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. യൂസഫലിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കെ.എം ഷാജിയുടെ വിമര്‍ശനം.

Content Highlights: Following the announcement of the Muslim League’s stand on the boycott issue in the Loka Kerala Sabha, former minister KT Jalil