ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിലേക്ക് യു.എസില്‍നിന്നുള്ള ആദ്യഘട്ട അടിയന്തര സഹായവുമായി വിമാനം ദല്‍ഹിയില്‍ എത്തി.
നാനൂറോളം ഓക്സിജന്‍ സിലിണ്ടര്‍, റെഗുലേറ്ററുകള്‍, ഒരു ദശലക്ഷം റാപ്പിഡ് കൊവിഡ് ടെസ്റ്റ് കിറ്റ്, യു.എസ്. ഐ.ഐ.ഡി നല്‍കിയ ഒരുലക്ഷം എന്‍ 95 മാസ്‌ക്കുകള്‍ മറ്റു ആശുപത്രി ഉപകരണങ്ങള്‍ എന്നിവയാണ് വിമാനത്തില്‍ എത്തിച്ചത്.
യു.എസില്‍നിന്ന് പുറപ്പെട്ട മൂന്ന് പ്രത്യേക വിമാനങ്ങളില്‍ ആദ്യത്തേതാണ് ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നത്. ഇതിനൊപ്പം കൊവിഷീല്‍ഡ് വാക്‌സിന്റെ ഉത്പാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കളും ഉള്‍പ്പെടും. 20 ദശലക്ഷത്തിലധികം കൊവിഡ് വാക്‌സിനുകള്‍ ഉത്പാദിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അടിയന്തര സഹായവുമായി യു.എസ് സൈനിക വിമാനം ഇന്ന് രാവിലെയാണ് ന്യൂദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
യു.എസിന്റെ തന്ത്രപ്രധാനമായ എയര്‍ലിഫ്റ്റ് വിമാനങ്ങളിലൊന്നായ സി-5എം സൂപ്പര്‍ഗാലക്‌സിയിലാണ് വസ്തുക്കള്‍ എത്തിച്ചത്. മെയ് മൂന്നിനുള്ളില്‍ അടുത്ത രണ്ട് വിമാനങ്ങള്‍ കൂടി ദല്‍ഹിയില്‍ എത്തും.
യു.എസ് എംബസി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 70 വര്‍ഷത്തെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍, യു.എസ് ഇന്ത്യയോടൊപ്പം നില്‍ക്കുന്നുവെന്നും മഹാമാരിക്കെതിരെ ഒരുമിച്ച് പോരാടുന്നുവെന്നും യു.എസ് ഔദ്യോഗിക ട്വീറ്റില്‍ പറഞ്ഞു.
ഈ ആഴ്ച ആദ്യം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൈഡനും തിങ്കളാഴ്ച ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു
നേരത്തെ ഇന്ത്യയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു. നിലവിലെ ഇന്ത്യയിലെ കൊവിഡ് സാഹചര്യം പേടിപ്പെടുത്തുന്നുവെന്നും ലോകരാജ്യങ്ങള്‍ ഇന്ത്യയെ സഹായിക്കേണ്ട സമയമാണിതെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി അധ്യക്ഷന്‍ വോള്‍ക്കന്‍ ബോസ്‌കിര്‍ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ബോസ്‌കിറിന്റെ പ്രതികരണം.
ഇന്ത്യയിലെ കൊവിഡ് വ്യാപനം എന്നെ ആശങ്കപ്പെടുത്തുന്നു. എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സിന്‍ എത്തിക്കാന്‍ മുന്നില്‍ നിന്ന രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് സഹായം നല്‍കേണ്ട സമയമാണിത്. എല്ലാവരും സുരക്ഷിതരാകുന്നത് വരെ നമുക്ക് പോരാടിയേ മതിയാകൂ,’ ബോസ്‌കിര്‍ ട്വിറ്ററിലെഴുതി.
അതേസമയം ഇന്ത്യയില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും പ്രതിസന്ധി നേരിടവെ സഹായ വാഗ്ദാനവുമായി റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്.
മെഡിക്കല്‍ ആവശ്യത്തിനുള്ള ഓക്‌സിജനും കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നും ഇന്ത്യയിലേക്ക് കയറ്റി അയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.
4 ലക്ഷത്തോളം റെംഡെസിവര്‍ മരുന്നുകളാണ് റഷ്യയില്‍ നിന്നും എത്തുന്നത്. ഒപ്പം ഓക്‌സിജന്‍ സിലിണ്ടറുകളും കപ്പല്‍ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളില്‍ ഇവ ഇന്ത്യയിലെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ജര്‍മ്മനി, യു.കെ, ഫ്രാന്‍സ്, പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്ത് ഓക്‌സിജന്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഓക്‌സിജന്‍ ഇറക്കുമതിക്ക് തങ്ങളെ അല്ല ഇന്ത്യ പരിഗണിക്കുന്നതെന്നും മറ്റു രാജ്യങ്ങളെ ആണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ലാഭം നോക്കാതെ പങ്കാളിയാകാന്‍ സന്നദ്ധത അറിയിച്ച് അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി വാക്‌സിനുകള്‍ ലാഭം കണക്കിലെടുക്കാതെ നല്‍കാം എന്നാണ് ഫൈസര്‍ അറിയിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക