കോഴിക്കോട്: മയിലിനെ കൊല്ലുന്നതിനോ പാചകം ചെയ്യുന്നതിനോ പദ്ധതിയിട്ടിരുന്നില്ലെന്ന വിശദീകരണവുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നേരത്തെ തീരുമാനിച്ച തിരക്കഥപ്രകാരമാണ് എല്ലാം ഷൂട്ട് ചെയ്തത്. മയിലിനെ കൊല്ലണമെന്ന് നാട്ടില്‍ നിന്ന് പോകുമ്പോഴും തീരുമാനിച്ചിട്ടില്ല. രണ്ട് മാസം മുന്‍പ് വിസ കിട്ടിയിരുന്നു, വിസയുടെ അവസാന ദിവസമായിരുന്നു ദുബായിലെത്തിയത്,’ ഫിറോസ് പറഞ്ഞു.
ദുബായ് എക്‌സ്‌പോയ്ക്കായിട്ടായിരുന്നു പോയത്. വെറുതെ പോയി വരിക എന്നതിലുപരി ആളുകളെ എന്റര്‍ടെയിന്‍മെന്റ് ചെയ്യിക്കുക എന്നായിരുന്നു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മയിലിനെ പാചകം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള കമന്റുകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ പേടിച്ചിട്ടല്ല മയിലിനെ പാചകം ചെയ്യാഞ്ഞതെന്നും അത്തരമൊരു പദ്ധതി നേരത്തെ തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന ക്യാപ്ഷനില്‍ പുറത്തുവിട്ട തന്റെ പുതിയ വീഡിയോക്ക് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത്. നാട്ടില്‍ നിന്ന് ദുബായിലേക്കുള്ള യാത്രയുടെ വിവരണമാണ് വീഡിയോയുടെ ഇതിവൃത്തം.
ഇതിന് താഴെയാണ് ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്ന് പറഞ്ഞ് സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയത്.
പാലക്കാട് എലപ്പുള്ളിക്കടുത്ത ചുട്ടിപ്പാറ സ്വദേശിയാണ് യൂട്യൂബറായ ഫിറോസ്. ഗ്രാമീണ തനിമയില്‍ പാചകകൂട്ടൊരുക്കി പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിളമ്പുന്ന വീഡിയോകളുമായാണ് അദ്ദേഹം എത്താറ്.
പാചകത്തിന്റെ ബാലപാഠങ്ങള്‍ അറിയാതെ പാചകക്കാരനായ വ്യക്തിയാണ് ഫിറോസ്. ഗള്‍ഫിലെ വെല്‍ഡര്‍ ജോലി ഉപേക്ഷിച്ച ഫിറോസ് നാട്ടിലെത്തിയ ശേഷമാണ് മലയാളികളുടെ ഇഷ്ടപ്പെട്ട യൂട്യൂബറായി മാറിയത്.