Kerala News
പ്രതീക്ഷകൾ അസ്തമിച്ചു; ജോയിയുടെ മൃതദേഹം കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 15, 04:05 am
Monday, 15th July 2024, 9:35 am

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോടിലിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ കനാലില്‍ മൃതദേഹം പൊങ്ങുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ ഫോഴ്‌സും ജോയിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. റെയിവേയിൽ നിന്ന് വെള്ളമൊഴുകിയെത്തുന്ന തകരപ്പറമ്പ്-വഞ്ചിയൂര്‍ കനാലിലാണ് ജോയിയുടെ മൃതദേഹം പൊങ്ങിയത്.

തുടര്‍നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ശനിയാഴ്ചയാണ് ആമയിഴഞ്ചാല്‍ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയെ ഒഴുക്കില്‍ പെട്ട് കാണാതായത്. തോടില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ശനിയാഴ്ച നടത്തിയ രക്ഷാ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിച്ചിരുന്നു.

ഞായറാഴ്ച രാവിലെ രക്ഷാ പ്രവര്‍ത്തനം പുനരാംഭിച്ചെങ്കിലും ജോയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാലിന്യങ്ങള്‍ കൊണ്ട് നിറഞ്ഞ തോട്ടില്‍ സ്‌കൂബ ഡൈവേര്‍സും എന്‍.ഡി.ആര്‍.എഫിന്റെ സംഘവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്.

Content Highlight: finded Joey’s dead body