തിരുവനന്തപുരം: വ്യാജസഹകരണസംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇടനിലക്കാരനായ തപസ്യാനന്ദ എന്നറിയപ്പെടുന്ന സ്വാമിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതിനാണ് തപസ്യാനന്ദ എന്നറിയപ്പെടുന്ന കോട്ടയം സ്വദേശി രാധാകൃഷ്ണനെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.
മലയിന്‍കീഴ്, പൂജപ്പുര എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി കേസുകള്‍ വന്നതോടെ കര്‍ണാടകയിലേക്കും വയനാട്ടിലേക്കുമെല്ലാം കടന്നതായി പൊലീസ് പറഞ്ഞു.
ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡി.വൈ.എസ്.പി പി.വി. രമേശ് കുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബയോ ടെക്‌നോളജി കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ജോലി നല്‍കാനെന്ന പേരിലാണ് പണം തട്ടിയത്. കടയ്ക്കാവൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്നും 30 ലക്ഷം തട്ടിയെടുത്ത പ്രധാന പ്രതി അഭിലാഷ് ബാലകൃഷ്ണനെ അന്വേഷണ സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സ്വാമി ചമഞ്ഞ് തപസ്യാനന്ദ എന്ന രാധാകൃഷ്ണന്‍ ഇടനിലക്കാരനായി കടയ്ക്കാവൂര്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു.
യുവാവിന് പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് ജോലിയോ പണമോ നല്‍കാമെന്ന് പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതി വിവിധയിടങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും സ്വാമി ചമഞ്ഞ് യുവാക്കളെ വലയിലാക്കുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് സി.ഐ. രാജ്കുമാര്‍ പറഞ്ഞു.