Film News
ആ രംഗം വളരെ സെക്‌സിസ്റ്റായാണ് തോന്നിയത്, നന്‍പകല്‍ അത്ര ഇഷ്ടപ്പെട്ടില്ല; അഞ്ജന ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 20, 11:13 am
Monday, 20th March 2023, 4:43 pm

മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്തിനെതിരെ വിമര്‍ശനവുമായി സിനിമാ നിരൂപകയുമായ മാധ്യമപ്രവര്‍ത്തകയുമായും അഞ്ജന ജോര്‍ജ്. ചിത്രം തനിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്നും അതിലെ ഒരു രംഗം വളരെ സെക്‌സിസ്റ്റായാണ് തനിക്ക് തോന്നിയതെന്നും ആലപ്പുഴ ഫിലിം ഫെസ്റ്റിവലില്‍ അഞ്ജന പറഞ്ഞു.

‘നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്ത സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം. ബസ് നിര്‍ത്തിയിട്ട് എല്ലാവരും പുറത്തിറങ്ങി നില്‍ക്കുന്ന ഒരു സീന്‍ അതിലുണ്ട്. നായകന്‍ എവിടെ പോയെന്ന് അവര്‍ക്ക് അറിയില്ല. അവിടെ പ്രായമായ സ്ത്രീ നില്‍ക്കുന്നുണ്ട്. എന്നെ ബലാല്‍കാരം ചെയ്യുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. പിന്നെ അവിടുന്ന് പല പ്രായത്തിലുള്ള സ്ത്രീകളാണ് ബലാല്‍സംഗത്തെ പറ്റി സംസാരിക്കുന്നത്. നമ്മളെല്ലാം ആ സിനിമ ആസ്വദിച്ചതാണ്.

എനിക്ക് ഈ സിനിമ അത്ര ഇഷ്ടപ്പെട്ടില്ല. അത് പറയാന്‍ പോലും എനിക്ക് പറ്റില്ല. സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഇത് വേണോ വേണ്ടയോ എന്നൊക്കെ ഞാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ അത് വളരെ വളരെ സെക്‌സിസ്റ്റ് സീനായിട്ടാണ് എനിക്ക് തോന്നിയത്.

ഇങ്ങനെയുള്ള കുറെ ബോഡി ഷെയ്മിങ് സ്‌റ്റേറ്റ്‌മെന്റ് നമ്മുടെ കുറെ നായകന്മാര്‍ പറയുകയും അതിന് ശേഷം അവര്‍ തന്നെ മാപ്പ് പറഞ്ഞിട്ട് അവര്‍ തന്നെ വലിയ ആള്‍ക്കാരാവുകയും അവര്‍ക്ക് കയ്യടി കൊടുക്കുകയും ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. കടുവ മുതല്‍ ഇത് കാണാം. അതൊരു വലിയ പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജാക്കി വെക്കുന്നതിനെ പറ്റി നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നു. പക്ഷേ ജാക്കി ഇപ്പോഴും വെച്ചുകൊണ്ടിരിക്കുകയാണ്,’ അഞ്ജന പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം വലിയ പ്രേക്ഷകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. വേളാങ്കണ്ണിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മലയാളി സംഘത്തിലെ ജെയിംസ് എന്നയാള്‍ സ്വന്തം ഐഡന്റിറ്റി മറന്ന് ഒരു ദിവസം സുന്ദരമായി ജീവിക്കുന്ന വ്യത്യസ്തമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്തത്. മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവുമാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.

Content Highlight: film critic anjana george against nanpakal nerathu mayakkam