Sports
മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിച്ചില്ലെന്ന് വെച്ച് ഇവിടെയാരും മരിച്ചൊന്നും പോകില്ല; ലോകകപ്പ് സ്റ്റേഡിയത്തിലെ മദ്യനിരോധനത്തില്‍ ഫിഫ പ്രസിഡന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 19, 12:47 pm
Saturday, 19th November 2022, 6:17 pm

ദോഹ: ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ബിയറടക്കമുള്ള മദ്യങ്ങളുടെ വില്‍പന നിരോധിച്ചതിന് പിന്നാലെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റോ. ദിവസത്തില്‍ കുറച്ച് മണിക്കൂറുകള്‍ മദ്യപിച്ചില്ലെന്ന് വെച്ച് ആരും മരിച്ചു പോകില്ലെന്നാണ് ലോകകപ്പിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രസിഡന്റ് പറഞ്ഞത്.

‘വ്യക്തിപരമായി പറയുകയാണെങ്കില്‍, ഒരു ദിവസത്തിലെ മൂന്ന് മണിക്കൂര്‍ ബിയര്‍ കുടിക്കാന്‍ സാധിച്ചില്ലെന്ന് വെച്ച് ആരും മരിച്ചൊന്നും പോകില്ല. ഒന്നും സംഭവിക്കുകയുമില്ല. ഫ്രാന്‍സിലും സ്‌പെയിനിലും സ്‌കോട്ട്‌ലാന്‍ഡിലുമൊക്കെ ഇങ്ങനെ തന്നെയാണ് കാര്യങ്ങള്‍,’ ജിയാനി ഇന്‍ഫെന്റ പറഞ്ഞു.

2010ല്‍ ലോകകപ്പ് വേദിയായി നിശ്ചയിച്ചതിന് പിന്നാലെ മദ്യവില്‍പനയില്‍ ഖത്തറും ഫിഫയും എന്ത് നിലപാടെടുക്കുമെന്ന കാര്യത്തില്‍ വലിയ ആകാംക്ഷയുണ്ടായിരുന്നു. വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇതു സംബന്ധിച്ച് പുറത്തുവന്നിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മദ്യവില്‍പനയുമായി ബന്ധപ്പെട്ട അവസാന തീരുമാനം ഫിഫ അറിയിച്ചത്.

ലോകകപ്പിനെ തുടര്‍ന്ന് ഫാന്‍സോണുകളിലും സ്റ്റേഡിയങ്ങളിലും മദ്യ വില്‍പന നടക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ നിലവിലെ ഫിഫയുടെ പ്രസ്താവന പ്രകാരം ഫാന്‍ സോണുകളിലും നേരത്തെ തന്നെ ലൈസന്‍സുള്ള സ്ഥലങ്ങളിലും മാത്രമാണ് മുഴുവന്‍ സമയവും മദ്യം വില്‍ക്കുക.

സ്റ്റേഡിയങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങാത്ത ബിയര്‍ ലഭ്യമാക്കുമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്. മദ്യത്തിന് വിലക്കുള്ള ഖത്തറില്‍, വിനോദ സഞ്ചാരത്തിന്റെ ഭാഗമായി പ്രത്യേക ലൈസന്‍സുള്ള ബാറുകളിലും റസ്റ്ററന്റുകളിലും മാത്രമാണ് സാധാരണയായി മദ്യവില്‍പന നടക്കുന്നത്.

‘ആതിഥേയ രാജ്യവുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സുള്ള മറ്റ് സ്ഥലങ്ങള്‍ കൂടാതെ ഫിഫ ഫാന്‍ ഫെസ്റ്റിവലില്‍ മാത്രമായിരിക്കും മദ്യ വില്‍പനയുണ്ടാവുക. സ്റ്റേഡിയങ്ങളുടെ പരിസരത്ത് നിന്നും ബിയര്‍ വില്‍പന കേന്ദ്രങ്ങള്‍ മാറ്റുന്നതാണ്,’ ഫിഫ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഫിഫയുടെ ഏറ്റവും വലിയ സ്പോണ്‍സര്‍മാരിലൊരാളായ മദ്യ നിര്‍മാണ കമ്പനിയായ അന്‍ഹെയ്സര്‍ ബുഷ്-ഇന്‍ബെവ് (ബഡ്‌വൈസറടക്കമുള്ള വിവിധ ബിയറുകള്‍ നിര്‍മിക്കുന്ന കമ്പനി) ആണ് എല്ലാ ലോകകപ്പുകളിലും മദ്യവില്‍പന നടത്തുന്നത്. ഈ കമ്പനിക്ക് മാത്രമാണ് ലോകകപ്പ് വേദികളില്‍ മദ്യവില്‍പനക്ക് അനുവാദമുള്ളത്.

ഫിഫയുടെ പ്രസ്താവനക്ക് ശേഷം പ്രതികരണവുമായി എ.ബി. ഇന്‍ബെവും എത്തിയിരുന്നു. ‘ഞങ്ങളുടെ കണ്‍ട്രോളിന് പുറത്തുള്ള ചില കാര്യങ്ങളെ തുടര്‍ന്ന് സ്റ്റേഡിയങ്ങളുടെ പരിസരത്ത് ഔട്ട്ലെറ്റ് തുടങ്ങാനുള്ള നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ല,’ എന്നായിരുന്നു കമ്പനിയുടെ പ്രതികരണം.

അതേസമയം ഖത്തറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെയും വാര്‍ത്താസമ്മേളനത്തില്‍ ജിയാനി സംസാരിച്ചിരുന്നു. ലോകകപ്പിന് ഒരു നാള്‍ മാത്രം ശേഷിക്കേ പാശ്ചാത്യമാധ്യമങ്ങളടക്കമുള്ളവര്‍ ഖത്തറിനെതിരെ നല്‍കുന്ന വാര്‍ത്തകളും വിമര്‍ശനങ്ങളും ഇരട്ടത്താപ്പും കാപട്യവും നിറഞ്ഞതാണെന്നാണ് ഇന്‍ഫെന്റിനോ പറഞ്ഞത്.

 

‘ഈ വണ്‍ സൈഡഡ് ആയ സാരോപദേശം ഹിപ്പോക്രസിയാണ്. വെറും ഇരട്ടത്താപ്പ്. ജീവിതത്തെ കുറിച്ച് നിങ്ങള്‍ക്ക് വലിയ ഉപദേശമൊന്നും തരണമെന്ന് എനിക്കില്ല. പക്ഷെ നൂറ് ശതമാനവും അനീതിയാണ് ഈ വിമര്‍ശനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 3000 വര്‍ഷം കൊണ്ട് നമ്മള്‍ യൂറോപ്പുകാര്‍ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്ക് അടുത്ത 3000 വര്‍ഷത്തേക്കെങ്കിലും മാപ്പ് പറയണം. എന്നിട്ടേ മറ്റുള്ളവര്‍ക്ക് സാരോപദേശം കൊടുക്കാന്‍ നമ്മള്‍ ഇറങ്ങാന്‍ പാടുള്ളു,’ ഇന്‍ഫെന്റിനോ പറഞ്ഞു.

Content Highlight: FIFA President against criticisms on alcohol ban in stadiums in Qatar World Cup 2022