ലോകകപ്പിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ ഒരു കുറ്റബോധവുമില്ല, ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്; പോർച്ചുഗൽ മുൻ കോച്ച്
Football
ലോകകപ്പിൽ റൊണാൾഡോയെ ബെഞ്ചിലിരുത്തിയതിൽ ഒരു കുറ്റബോധവുമില്ല, ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്; പോർച്ചുഗൽ മുൻ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th January 2024, 2:05 pm

2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പർതാരം ക്രിസ്റ്റ്യാനോ  റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചില്‍ ഇരുത്തുകയായിരുന്നു പോര്‍ച്ചുഗീസ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്. ഇപ്പോള്‍ ഇതാ ഈ വിഷയത്തില്‍ പ്രതികരിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് ഫെര്‍ണാണ്ടോ സാന്റോസ്.

റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയ തീരുമാനത്തില്‍ ഖേദമില്ലെന്നും പോര്‍ച്ചുഗല്‍ ടീമിനുവേണ്ടി താന്‍ ചെയ്ത ഏറ്റവും മികച്ച കാര്യമാണെന്നുമാണ് പോര്‍ച്ചുഗീസ് പരിശീലകന്‍ പറഞ്ഞത്.

‘റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയത് തന്ത്രപരമായ തീരുമാനമായിരുന്നു. മറ്റ് സാഹചര്യങ്ങള്‍ ഒന്നും ഞാന്‍ നോക്കിയിരുന്നില്ല കളത്തിലെ എന്റെ പ്ലാനിങ്ങുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. എനിക്ക് ആ സമയത്ത് ആ തീരുമാനം എടുക്കേണ്ടിവന്നു  ഞാന്‍ അത് ശരിയായി ചെയ്തു. ഞങ്ങളപ്പോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായില്ലായിരുന്നുവെങ്കില്‍ ഇവിടെ ഒരു പ്രശ്‌നങ്ങളും ഉണ്ടാവില്ലായിരുന്നു,’ സാന്റോസ് ഗോള്‍ ഡോട്ട് കോമിലൂടെ പറഞ്ഞു.

ലോകകപ്പിലെ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ തീരുമാനത്തെക്കുറിച്ചും ഫെര്‍ണാണ്ടൊ സാന്റോസ് പറഞ്ഞു.

‘പ്രീക്വാര്‍ട്ടറിലെ മത്സരത്തില്‍ ആദ്യ ഇലവനില്‍ റൊണാള്‍ഡോ ഉണ്ടാകില്ലെന്ന് ഞാന്‍ അവനോട് പറഞ്ഞു. എന്നാല്‍ ആ സമയങ്ങളില്‍ ഇതിനെതിരെ അതൃപ്തി രേഖപ്പെടുത്തി. പോര്‍ച്ചുഗലിന്റെ നായകനായ ഒരു താരം ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മറ്റ് സഹതാരങ്ങള്‍ സന്തോഷിക്കാതിരിക്കുന്നത് സാധാരണപരമായ ഒരു കാര്യമാണ്. ആ സമയത്ത് റൊണാള്‍ഡോ ഈ തീരുമാനം നല്ലതാണോ എന്ന് എന്നോട് ചോദിച്ചു. തീര്‍ച്ചയായും ആ സമയത്ത് റൊണാള്‍ഡോ ഒരിക്കലും സന്തോഷവാനായിരുന്നില്ല അവന് ബെഞ്ചിലിരിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല,’ സാന്റോസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ സ്വിസര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിലായിരുന്നു സംഭവം. മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതെ ബെഞ്ചില്‍ ഇരുത്തുകയായിരുന്നു പോര്‍ച്ചുഗീസ് പരിശീലകന്‍ സാന്റോസ്. പരിശീലകന്റെ ഈ അപ്രതീക്ഷിതമായ തീരുമാനം ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതായിരുന്നു.

എന്നാല്‍ ആ മത്സരത്തില്‍ 6-1ന്റെ തകര്‍പ്പന്‍ വിജയവുമായി ക്വാര്‍ട്ടറില്‍ എത്തിയ പോര്‍ച്ചുഗല്‍ മൊറോക്കോയോട് പരാജയപ്പെടുകയായിരുന്നു. ഈ മത്സരത്തിലും ആദ്യ ഇലവനില്‍ റൊണാള്‍ഡോക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ സൂപ്പര്‍താരത്തെ കോച്ച് കളത്തില്‍ ഇറക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല. ഒടുവില്‍ മൊറോക്കോയോട് 1-0ത്തിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.

അതേസമയം നിലവില്‍ റൊണാള്‍ഡോ ഈ വര്‍ഷം ജര്‍മനിയില്‍ നടക്കുന്ന യൂറോകപ്പിനുള്ള തയ്യാറെടുപ്പിലാണ്. 2023ല്‍ മികച്ച ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന തകര്‍പ്പന്‍ നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനു വേണ്ടിയും 54 ഗോളുകളാണ് ഈ 38 കാരന്‍ അടിച്ചുകൂട്ടിയത്. വരാനിരിക്കുന്ന യൂറോ കപ്പിലും റൊണാള്‍ഡോയുടെ മിന്നും ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Fernando Santos talks about Cristaino Ronaldo incident in 2022 World cup.