പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ സൂപ്പര്‍ താര മത്സരത്തിനു വേദിയൊരുങ്ങുന്നു. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലും ഫ്രഞ്ച് ഓപ്പണിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ചയാണു മത്സരം.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൊവ്വാഴ്ച ഇരുവരും വിജയം നേടിയതോടെയാണ് ടെന്നീസ് പ്രേമികള്‍ കാത്തിരുന്ന പോരാട്ടമെത്തുന്നത്. നദാല്‍ രണ്ടാം സീഡും ഫെഡറര്‍ മൂന്നാം സീഡുമാണ്.
ഒരു മണിക്കൂര്‍ 51 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിലാണ് നേരിട്ടുള്ള സെറ്റുകളില്‍ നദാല്‍ ജാപ്പനീസ് താരം കെയ് നിഷികോരിയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-1, 6-3, 6-3.
അതേസമയം മൂന്നുമണിക്കൂര്‍ 35 മിനിറ്റ് നേരം നീണ്ടുനിന്ന പോരാട്ടത്തിലായിരുന്ന ഫെഡററെ വിറപ്പിച്ച് നാട്ടുകാരനായ സ്റ്റാന്‍ വാവ്‌റിങ്ക കീഴടങ്ങിയത്. സ്‌കോര്‍: 7-6, 4-6, 7-6, 6-4.
കഴിഞ്ഞ മത്സരത്തില്‍ ബെനോയിറ്റ് പെയ്‌റിനെതിരേ അഞ്ച് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനിടയില്‍ നിഷികോരയുടെ കൈക്ക് പരിക്കേറ്റിരുന്നു. ഈ പരിക്ക് വകവെയ്ക്കാതെയായിരുന്നു നദാലിനെതിരായ മത്സരത്തിന് ഇന്നദ്ദേഹം കളത്തിലിറങ്ങിയത്. നാലാം റൗണ്ടിലെ മൂന്നാം ഗെയിമില്‍ മഴ പെയ്ത് ഏറെനേരം മത്സരം തടസ്സപ്പെട്ടിരുന്നു. ഈ മത്സരത്തോടെ നദാലിനെതിരേ കളിച്ച 13 മത്സരങ്ങളില്‍ 11 എണ്ണവും നിഷികോര പരാജയപ്പെട്ടു.
അഞ്ചുമണിക്കൂര്‍ ഒമ്പത് മിനിറ്റ് നേരം നീണ്ടുനിന്ന കഴിഞ്ഞ മത്സരത്തെ ഓര്‍മപ്പെടുത്തുന്ന പ്രകടനമാണ് വാവ്‌റിങ്ക ഫെഡറര്‍ക്കെതിരേ പുറത്തെടുത്തത്. ഒന്നാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കുകയും രണ്ടാം സെറ്റ് നേടുകയും ചെയ്ത വാവ്‌റിങ്ക ഫെഡറര്‍ ആരാധകരെ ഞെട്ടിച്ചു. മൂന്നാം സെറ്റിലും ആദ്യ സെറ്റിനു സമാനമായ പ്രകടനം അദ്ദേഹം കാഴ്ചവെച്ചെങ്കിലും ഫെഡറര്‍ ജയിക്കുകയായിരുന്നു. നാലാം സെറ്റ് ഫെഡറര്‍ അനായാസം കൈപ്പിടിയിലാക്കി. ഫെഡറര്‍ക്കെതിരേ കളിച്ച 26 മത്സരങ്ങളില്‍ 23 എണ്ണത്തിലും വാവ്‌റിങ്ക ഇതോടെ പരാജയമറിഞ്ഞു.
നദാലിന്റെ 31-ാം ഗ്രാന്‍ഡ്സ്ലാം സെമിയാണിത്. ഫെഡറര്‍ക്കും ദ്യോക്കോവിച്ചിനും ജിമ്മി കോണോഴ്‌സിനും ശേഷം ആദ്യമായാണ് ഒരാള്‍ ഈ നേട്ടം കൈവരിക്കുന്നത്. റോളന്‍ഡ് ഗാരോസില്‍ കളിച്ച 93 മത്സരങ്ങില്‍ രണ്ടെണ്ണം മാത്രമാണ് നദാല്‍ പരാജയപ്പെട്ടതെന്നതും ശ്രദ്ധേയമാണ്.
അതേസമയം 37-കാരനായ ഫെഡറര്‍ റോളന്‍ഡ് ഗാരോസില്‍ സെമി കളിക്കുന്ന നിലവിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനായി. നേരത്തേ പാഞ്ചോ ഗോണ്‍സാലസ് 1968-ലും 1991-ല്‍ യു.എസ് ഓപ്പണില്‍ ജിമ്മി കോണോഴ്‌സുമാണ് ഈ പ്രായത്തില്‍ റോളന്‍ഡ് ഗാരോസില്‍ നേരത്തേ സെമി കളിച്ചിട്ടുള്ളത്.