ഫുട്‌ബോള്‍ ലോകം ദി ക്ലാസിക് അഥവാ എല്‍ ക്ലാസിക്കോ എന്ന് പേരിട്ട് വിളിക്കുന്ന മത്സരമാണ് റയല്‍ മാഡ്രിഡ് – ബാഴ്‌സലോണ പോരാട്ടങ്ങള്‍. ഇരു ടീമിന്റെയും പരമ്പരാഗത ആരാധകര്‍ മുതല്‍ താരങ്ങളുടെ അരാധകര്‍ വരെ ഈ പോരാട്ടത്തെ ഏറെ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.
റൊണാള്‍ഡീന്യോ, പുയോള്‍, മെസി, സാവി, സിദാന്‍, റൊണാള്‍ഡോ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബെയ്ല്‍ തുടങ്ങിയ താരങ്ങള്‍ പല കാലഘട്ടങ്ങളിലായി എല്‍ ക്ലാസിക്കോയ്ക്ക് വീറും വാശിയും പകര്‍ന്നവരാണ്.
എല്‍ ക്ലാസിക്കോയുടെ ഏറ്റവും പുതിയ മത്സരമായിരുന്നു ഞായറാഴ്ച രാവിലെ ലാസ് വേഗസില്‍ വെച്ച് നടന്നത്. മത്സരത്തിന്റെ ആവേശത്തെക്കാളും ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് മത്സരത്തിനിടെ നടന്ന ഒരു പ്രത്യേക സംഭവമാണ്.
ബാഴ്‌സലോണയുടെ പ്രതിരോധ താരം ജെറാര്‍ഡ് പിക്വെയെ ഇരു ടീമിന്റെയും ആരാധകര്‍ മത്സരിച്ച് കൂവി വിളിച്ചതായിരുന്നു സംഭവം. ബാഴ്‌സ താരത്തിനെതിരെ ബാഴ്‌സ ആരാധകര്‍ തന്നെ ഇത്തരത്തില്‍ പെരുമാറിയത് ടീമിനെ ഒന്നാകെ അമ്പരപ്പിലാഴ്ത്തിയിട്ടുണ്ട്.
പിക്വെയും പങ്കാളി ഷക്കീറയും തമ്മിലുള്ള അസ്വാരസ്യങ്ങളും അതിന് പിന്നാലെ ഇരുവരും വേര്‍പിരിയലുമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ സമ്മറിലാണ് ഇരുവരും തമ്മില്‍ വേര്‍പിരിയുകയാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഇതില്‍ പിക്വെ കുറ്റക്കാരനാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ആരാധകര്‍ താരത്തെ കൂവി വിളിച്ചത്.
കായിക മാധ്യമമായ മാര്‍ക്കയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്ന ജെറാര്‍ഡ് പിക്വെ അറുപത്തിരണ്ടാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. താരം കളത്തിലിറങ്ങിയതു മുതല്‍ സ്റ്റേഡിയത്തിലെ ആരാധകര്‍ പലരും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
കൂവി വിളിച്ചതിന് പുറമെ ‘ഷക്കീറ ഷക്കീറ’ ചാന്റുകളും ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
നിരവധി ആല്‍ബം സോങ്ങുകളിലൂടെ പ്രസിദ്ധിയാര്‍ജിച്ച ഷക്കീറ 2010 ലോകകപ്പിന്റെ സമയത്താണ് പ്രശസ്തിയുടെ അത്യുന്നതങ്ങളിലെത്തിയത്. 2010 ലോകകപ്പിന്റെ തീം സോങ്ങായ ‘വക്കാ വക്കാ’ പാടിയും പാട്ടിനൊപ്പം ചുവടുവെച്ചും എല്ലാ ഫുട്‌ബോള്‍ ആരാധകരുടെ മനസിലേക്കായിരുന്നു ഷക്കീറ കടന്നുവന്നത്.
2014 ലോകകപ്പിന്റെ സമയത്തും ലാ ലാ എന്ന പാട്ടുമായും ഷക്കീറയെത്തിയിരുന്നു.