national news
'118 ദിവസം ക്ഷമയോടെ നിന്നു, ഇനിയെങ്കിലും അവരുടെ കാതുകള്‍ തുറക്കട്ടെ'; നോയിഡയിലെ കര്‍ഷക സമരം അഞ്ചാം മാസത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 13, 07:21 am
Wednesday, 13th September 2023, 12:51 pm

നോയിഡ: 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് യു.പിയിലെ ഗ്രേറ്റര്‍ നോയിഡയിലെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധം 118 ദിവസം പിന്നിട്ടു. ഗ്രേറ്റര്‍ നോയിഡ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് അതോറിറ്റി (ജി.എന്‍.ഐ.ഡി.എ) ഓഫീസിന് മുന്നില്‍ പൊലീസ് പുതുതായി സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് സ്ത്രീകളും യുവജനങ്ങളുമടങ്ങിയ കര്‍ഷകര്‍ ധര്‍ണ നടത്തി. പ്രക്ഷോഭത്തിനിടെ പൊലീസ് കര്‍ഷകരെ ക്രൂരമായി മര്‍ദിച്ചു.

‘118 ദിവസം ഞങ്ങള്‍ ക്ഷമയോടെ നിന്നു. എന്നാല്‍ ചൊവ്വാഴ്ച പ്രവേശന കവാടം പൂട്ടാന്‍ തന്നെ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയെങ്കിലും ഞങ്ങളുടെ ആവശ്യം അവരുടെ കാതുകളിലെത്തട്ടെ എന്ന് കരുതി,’ കര്‍ഷക സമിതിയുടെ ഭാരവാഹികളിലൊരാള്‍ പറഞ്ഞു.

44 ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നാല് മാസമായി ഗ്രേറ്റര്‍ നോയിഡയില്‍ പ്രതിഷേധിക്കുന്നത്. ഏറ്റെടുത്ത് വികസിപ്പിച്ച ഭൂമിയുടെ 10 ശതമാനമാണ് കര്‍ഷകര്‍ക്ക് കൈമാറുക. ഭൂമിക്ക് ന്യായവില ഉറപ്പാക്കുക, കര്‍ഷക കുടുംബത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക, ഭവനരഹിതരായ കര്‍ഷകര്‍ക്ക് വീട് വെക്കാന്‍ സ്ഥലം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടികളുടെ പിന്തുണയോടെ ചൊവ്വാഴ്ച ഉച്ചയോടെയാണ് കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നതായി എസ്.പി സര്‍ധന അതുല്‍ പ്രധാന്‍ പറഞ്ഞു. ഉച്ചക്ക് ശേഷം ജി.എന്‍.ഐ.ഡി.എ ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി യോഗം ചേരാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷം പ്രതിഷേധം നിര്‍ത്തിവെക്കുകയായിരുന്നെന്നും എസ്.പി പറഞ്ഞു.

ഗ്രാമത്തിലുള്ള കമ്പനികളില്‍ കര്‍ഷക കുടുംബത്തിലെ യുവാക്കള്‍ക്ക് ജോലി നല്‍കാമെന്ന് നോയിഡ അതോറിറ്റി സി.ഇ.ഒ രവി കുമാര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ഗംഗോല ഗ്രാമത്തിലെ കര്‍ഷകനായ നരേന്ദ്ര സിങ് പറഞ്ഞു.

അഖിലേന്ത്യ കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, വൈസ് പ്രസിഡന്റ് ഇന്ദ്രജിത് സിങ്, ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, ഉത്തര്‍പ്രദേശിലെ ഭാരവാഹികളായ ഭഗത് സിങ്, ദിഗംബര്‍ സിങ്, പുഷ്പേന്ദര്‍ ത്യാഗി, മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനുപകരം 1894ലെ നിയമം നടപ്പാക്കാനാണ് യു.പി. സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കിസാന്‍സഭ നേതാക്കള്‍ പറഞ്ഞു.

Content Highlights: Farmers’ strike in Noida enters fifth month