ഹരിയാന: ഹരിയാന എം.എല്‍.എ ദേവേന്ദര്‍ സിംഗ് ബാബ്ലിയെ വളഞ്ഞെന്നാരോപിച്ച് അറസ്റ്റ് ചെയ്ത കര്‍ഷക സമരക്കാരെ മോചിപ്പിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി കിസാന്‍ യൂണിയന്‍ നടത്തിവരുന്ന പൊലിസ് സ്റ്റേഷന്‍ ഘരാവൊ അവസാനിപ്പിച്ചു. തിങ്കളാഴ്ചയാണ് കര്‍ഷകരെ വിട്ടയച്ചത്.
കഴിഞ്ഞ ബുധനാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയുമായി സഖ്യമുള്ള ജെ.ജെ.പിയുടെ ഹരിയാന എം.എല്‍.എ ദേവേന്ദ്ര സിംഗ് ബാബ്ലിയെ വളഞ്ഞെന്നാരോപിച്ചു കര്‍ഷക നേതാക്കളായ വികാസ് സിസാര്‍, രവി ആസാദ് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
ശനിയാഴ്ച മുതല്‍ ഹരിയാനയിലെ തൊഹാന സദാര്‍ പൊലിസ് സ്റ്റേഷനില്‍ രാകേഷ് തികായത്ത്, ഗുരുനാം സിങ് ഛദുനി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷക സംഘം സമരം തുടരുകയായിരുന്നു. നേതാക്കളെ മോചിപ്പിച്ചതിനെത്തുടര്‍ന്ന് കര്‍ഷകര്‍ പൊലീസ് സ്റ്റേഷനു മുന്നിലെ സമരം അവസാനിപ്പിച്ചു.
കര്‍ഷകര്‍ക്ക് എതിരെ മോശമായി സംസാരിച്ചതില്‍ മാപ്പ് ചോദിച്ചു ബാബ്ലി രംഗത്തെത്തിയിരുന്നു.