ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്നതിനിടെ മധ്യപ്രദേശിലെ കര്‍ഷകരോട് സംവദിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം വീഡിയോ ലിങ്ക് വഴി 23,000 ത്തോളം ഗ്രാമങ്ങളിലേക്ക് സംപ്രേഷണം ചെയ്യുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
‘കൃഷിമന്ത്രി നരേന്ദ്ര തോമര്‍ കര്‍ഷക സഹോദരങ്ങള്‍ക്ക് ഒരു കത്തെഴുതി തന്റെ വികാരങ്ങള്‍ പങ്കുവെക്കുകയും ഒരു എളിയ സംഭാഷണം ആരംഭിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ കര്‍ഷകരും ഇത് വായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ രാജ്യത്തെ ജനങ്ങളോട് ഞാന്‍ അപേക്ഷിക്കുന്നു,” പ്രധാനമന്ത്രി മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.
അതേസമയം, കര്‍ഷകരുടെ പ്രശ്‌നം സര്‍ക്കാരിനെക്കൊണ്ട് പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നത് കര്‍ഷകരുമായി ചര്‍ച്ചകള്‍ക്ക് സാധ്യത ഉണ്ടാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ നിയമം നടപ്പാക്കുന്നത് നിര്‍ത്തിവെച്ചാല്‍ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നോട്ട് വരില്ലെന്നാണ് കേന്ദ്രം വാദിച്ചത്.
ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെ അംഗീകരിക്കുന്നതായി കോടതി പറഞ്ഞു, അതേസമയം, മൗലികാവകാശങ്ങളെയോ മറ്റുള്ളവരുടെ ജീവിക്കാനുള്ള അവകാശത്തെയോ ബാധിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് തങ്ങള്‍ മനസ്സിലാക്കുന്നെന്നും എന്നാല്‍ അത് മറ്റുള്ളവരുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ പ്രതിഷേധത്തിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് തങ്ങള്‍ യൂണിയനോട് ചോദിക്കുമെന്നും കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക