national news
ഉള്ളി വില ഇടിഞ്ഞു; മഹാരാഷ്ട്രയില്‍ ദേശീയപാത ഉപരോധിച്ച് കര്‍ഷകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 01, 03:15 pm
Saturday, 1st December 2018, 8:45 pm

മാലേഗാവ്: ഉള്ളി വില ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ പ്രതിഷേധം. ദേശീയപാത ഉപരോധിച്ചും തല മൊട്ടയടിച്ചുമാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്. മുംബൈ-ആഗ്ര  ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് വന്‍തോതില്‍ ഗതാഗത സ്തംഭനമുണ്ടായി.

മാലേഗാവില്‍ പ്രതിഷേധിച്ച കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. വിലയിടിവ് പ്രതിരോധിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും വന്‍തോതില്‍ നഷ്ടം സംഭവിക്കുകയാണെന്നും പ്രതിഷേധിച്ച കര്‍ഷകര്‍ പറഞ്ഞു.

വിലയിടിവ് നിയന്ത്രിക്കുന്നതിനായി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മെമ്മോറാണ്ടം കര്‍ഷകര്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഇന്നലെ ദല്‍ഹിയില്‍ കൂറ്റന്‍ റാലി നടത്തിയിരുന്നു.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തളളുക, വിളകള്‍ക്ക് സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ന്യായവില ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് 207 സംഘടനകള്‍ ഉള്‍പ്പെട്ട അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഡല്‍ഹിയില്‍ രണ്ട് നാള്‍ നീണ്ട കിസാന്‍ മുക്തി റാലി സംഘടിപ്പിച്ചത്.

ചിത്രം കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്