ലങ്ക പ്രീമിയര്‍ ലീഗിന്റെ പുതിയ എഡിഷനില്‍ സുരേഷ് റെയ്‌നയെയും കാണാം എന്ന ആവേശത്തിലായിരുന്നു ആരാധകര്‍. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച സൂപ്പര്‍ താരം വീണ്ടും ബാറ്റേന്തുന്നു എന്ന വാര്‍ത്തയാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. റെയ്‌ന താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും ലേലത്തില്‍ പങ്കെടുക്കുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സുരേഷ് റെയ്‌ന ലങ്ക പ്രീമിയര്‍ ലീഗിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരം രജിസ്റ്റര്‍ ചെയ്യാതിരുന്നിട്ടും റെയ്‌നയുടെ പേര് ഓക്ഷന്‍ പൂളിലെത്തിയതാണ് ആരാധകരെ അമ്പരപ്പിച്ചത്.
ലങ്ക പ്രീമിയര്‍ ലീഗിന്റെ സംഘാടകര്‍ തന്നെയാണ് റെയ്‌നയുടെ പേര് അടിസ്ഥാന വിലയ്ക്ക് ഓക്ഷന്‍ പൂളില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് റെയ്‌ന എല്‍.പി.എല്ലിന്റെ താരലേലത്തില്‍ തന്റെ പേര് രജിസ്റ്റര്‍ ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. താരം ഐ.പി.എല്ലില്‍ നിന്നടക്കം വിരമിക്കുകയും റോഡ് സേഫ്റ്റി ടൂര്‍ണമെന്റ്, അബുദാബി ടി-10 ലീഗ് അടക്കമുള്ള ടൂര്‍മെന്റുകള്‍ കളിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആരാധകരും ഈ റിപ്പോര്‍ട്ടുകളെ വിശ്വസിച്ചിരുന്നു.
എന്നാല്‍ ഇതിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്ന് മണിക്കാണ് എല്‍.പി.എല്ലിന്റെ താരലേലത്തിനുള്ള നടപടികള്‍ ആരംഭിച്ചത്. ഓക്ഷന്‍ പൂളിലെ 11ാം സെറ്റില്‍ റെയ്‌നയുടെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 11ാം സെറ്റിലെ താരങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ ഓക്ഷനീര്‍ ചാരു ശര്‍മ റെയ്‌നയുടെ പേര് വായിക്കാതെ വിടുകയായിരുന്നു.
നിരവധി ആരാധകര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. എല്‍.പി.എല്ലിലെ മത്സരങ്ങള്‍ പോലും കാണാത്ത ഒരു കൂട്ടം ആരാധകര്‍ ടൂര്‍ണമെന്റിന്റെ ലേല നടപടികള്‍ പോലും കാണുന്ന തരത്തിലേക്ക് റെയ്‌നയുടെ എല്‍.പി.എല്‍ പ്രവേശനം ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെ ജാഗരണ്‍ ന്യൂസ് റിപ്പോര്‍ട്ടറായ അഭിഷേക് ത്രിപാഠി, റെയ്‌ന എല്‍.പി.എല്ലിന് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം ആ ടൂര്‍ണമെന്റ് കളിക്കില്ലെന്നും അറിയിച്ചിരുന്നു.
लेकिन रैना ने तो ड्राफ्ट के लिए अप्लाई ही नहीं किया और वह लंका प्रीमियर लीग में खेलेंगे भी नहीं। https://t.co/R3evwSSUCt
— Abhishek Tripathi / अभिषेक त्रिपाठी (@abhishereporter) June 14, 2023