ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ നിന്നും പരിക്കേറ്റ് പുറത്തായ ദീപക് ചഹറിന് പകരക്കാരനായി വാഷിങ്ടണ്‍ സുന്ദറിനെ ടീമിലെടുത്തതോടെ ഇന്ത്യന്‍ ടീമിനും ബി.സി.സി.ഐക്കും ആരാധകരുടെ രൂക്ഷവിമര്‍ശനം,
എപ്പോഴും പരിക്കിന്റെ പിടിയിലായ വാഷിങ്ടണ്‍ സുന്ദറിനെയല്ലാതെ പകരക്കാരനായി മാറ്റാരെയും കണ്ടെത്താന്‍ സാധിച്ചില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
വാഷിങ്ടണ്‍ സുന്ദര്‍ ഒരു ഇന്‍ജുറി പ്രോണ്‍ പ്ലെയറാണെന്നും താരത്തിന് പരിക്കേറ്റാല്‍ വേറെ പകരക്കാരനെ തേടി പോകേണ്ടി വരുമെന്നും ആരാധകര്‍ പറയുന്നു.
ഇന്ത്യക്കെതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലായിരുന്നു ചഹറിന് പരിക്കേറ്റത്. കണങ്കാലിനേറ്റ പരിക്കും പുറം വേദനയുമായിരുന്നു താരത്തെ അലട്ടിയത്.
കണങ്കാലിനേറ്റ പരിക്ക് കാരണം താരത്തിന് ആദ്യ ഏകദിനം നഷ്ടമായിരുന്നു. ഒക്ടോബര്‍ 16ന് മുഹമ്മദ് ഷമിയുടെ കൂടെ ലോകകപ്പ് ടീമിനൊപ്പം ചേരാന്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കാനിരിക്കവെയാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്.
ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിലൊഴികെ ബൗളിങ്ങില്‍ ചഹര്‍ വന്‍ പരാജയമായിരുന്നെങ്കിലും അവസാന മത്സരത്തില്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ദിനേഷ് കാര്‍ത്തിക്കിന് ശേഷം ടീമില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും ചഹറായിരുന്നു.
17 പന്തില്‍ നിന്നും 31 റണ്‍സായിരുന്നു മത്സരത്തില്‍ താരം സ്വന്തമാക്കിയത്.
നീണ്ട കാലത്തെ ഇടവേളക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചഹര്‍ തിരിച്ചെത്തിയിട്ട് അധികകാലമായിട്ടില്ല. പരിക്ക് കാരണം കഴിഞ്ഞ ഐ.പി.എല്ലിലും താരത്തിന് പൂര്‍ണമായും കളിക്കാന്‍ സാധിച്ചിരുന്നില്ല.