റൊണാൾഡോ 'സൈഡായെന്ന്' സൗദി ആരാധകർ; താരത്തിനെതിരെ വിമർശനം
football news
റൊണാൾഡോ 'സൈഡായെന്ന്' സൗദി ആരാധകർ; താരത്തിനെതിരെ വിമർശനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th March 2023, 5:18 pm

സൗദി പ്രോ ലീഗിൽ അൽ നസറിനായി മിന്നും പ്രകടനം കാഴ്ച വെക്കുകയാണ് റൊണാൾഡോ. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി സ്വന്തമാക്കിയത്. കൂടാതെ സൗദി മണ്ണിൽ പത്ത് ഗോളുകൾ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കാനും റോണോക്ക് സാധിച്ചു.

എന്നാൽ വെള്ളിയാഴ്ച അൽ ബത്തീനെതിരെ നടന്ന മത്സരത്തിൽ ഗോളുകൾ നേടാനോ അസിസ്റ്റുകൾ സ്വന്തമാക്കാനോ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല. എന്നാലും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മത്സരം വിജയിക്കാൻ അൽ നസറിന് സാധിച്ചിട്ടുണ്ട്. അൽ നസറിനായി മത്സരത്തിന്റെ അധിക സമയത്ത് അബ്ദുൽ റഹ്മാൻ ഗരീബ്, മൊഹമ്മദ്‌ അൽ ഫാത്തി, മൊഹമ്മദ്‌ മറാൻ എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്.

എന്നാൽ മത്സരം അൽ നസർ വിജയിച്ചെങ്കിലും താരത്തിന് ഗോളുകളോ ഗോൾ അവസരങ്ങളോ സൃഷ്ടിക്കാൻ സാധിക്കാത്തതിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.


റൊണാൾഡോ വിരമിക്കാറായെന്നും, താരത്തിന്റെ പഴയ പ്രതിഭ നിറം മങ്ങിയെന്നും അൽ നസറിനെ ലീഗ് ചാമ്പ്യൻമാരാക്കാനുള്ള ത്രാണി റോണോക്കില്ലെന്നുമൊക്കെയാണ് ആരാധകർ ഉയർത്തുന്ന പ്രധാന വിമർശനങ്ങൾ.


എന്നാൽ ഒന്നോ രണ്ടോ കളികളിൽ ഗോൾ നേടിയില്ലെങ്കിലുടനെ താരങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തുന്നവരുടെ വാക്കുകൾ മുഖവിലക്കെടുക്കേണ്ടതില്ലെന്നും റൊണാൾഡോ ബെസ്റ്റാണെന്നും ആരോപിച്ച് മറ്റൊരു കൂട്ടം ആരാധകരും രംഗത്തുണ്ട്.

അൽ നസറിനെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കാനും ലീഗ് ടൈറ്റിൽ വിജയിപ്പിക്കാനും ലക്ഷ്യമിട്ടാണ് റൊണാൾഡോയെ അൽ നസർ ക്ലബ്ബിലേക്കെത്തിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


225 മില്യൺ യൂറോക്കാണ് റോണോയെ അൽ നസർ തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചത്. താരത്തിന്റെ യൂറോപ്പിന് പുറത്തുള്ള ആദ്യ ക്ലബ്ബാണ് അൽ നസർ.


അതേ സമയം 19 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളുമായി 46 പോയിന്റോടെ സൗദി പ്രോ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അൽ നസറിപ്പോൾ. മാർച്ച് ഒമ്പതിന് അൽ ഇത്തിഹാദിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Fans slam Cristiano Ronaldo for his perfomance against Al batin